
ബോളിവുഡിലെ സ്വരമാധുരിയായിരുന്നു ഒരു കാലത്ത് അല്‍ക്ക യഗ്നിക്. ബോളിവുഡില്‍ ഏറ്റവും കൂടുതൽ സ്ത്രീ സോളോ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായികമാരില്‍ ഒരാള്‍ കൂടിയാണ് അല്‍ക്ക. കരിയറിന്റെ തുടക്കത്തില്‍ അല്‍ക്ക പാടിയ പാട്ടുകള്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് തന്റെ
22-ാമത്തെ വയസ്സില്‍ ‘തേസാബ്’ എന്ന സിനിമയിലെ ‘ഏക് ദോ തീൻദ എന്ന പാട്ട് സൃഷ്ടിച്ച ഓളം ഗായികയുടെ കരിയര്‍ തന്നെ മാറ്റിമറിച്ചു.
അല്‍ക്കയുടെ ശബ്ദത്തിലൂടെ റൊമാൻസും സങ്കടവും പ്രണയവും ഐറ്റംനമ്പറുമെല്ലാം ആളുകളുടെ ഹൃദയത്തിലിടം പിടിച്ചു. മാധുരി ദീക്ഷിത്, ശിൽപ ഷെട്ടി, ജൂഹി ചൗള, ശ്രീദേവി തുടങ്ങിയവർക്കുവേണ്ടി ഏറ്റവും കൂടുതൽ പാടിയത് അൽക്കയാണ്. 90 കളില്‍ അല്‍ക്കയുടെ ശബ്ദത്തില്‍ പിറന്ന പ്രണയഗാനങ്ങള്‍ ഇന്നും തരംഗമായി തുടരുകയാണ്.
സംഗീത വേദികളിലും പിന്നണി ഗാനരംഗത്തും നിറഞ്ഞു നിന്നിരുന്ന അല്‍ക്ക 2024-ലാണ് തനിക്ക് പെട്ടെന്ന് കേൾവിശക്തി നഷ്ടപ്പെട്ടതായുള്ള വാർത്ത പങ്കുവെച്ചത്. ഒരു വിമാനയാത്ര കഴിഞ്ഞിറങ്ങിയപ്പോഴാണ് കേള്‍വി നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നത് താനറിഞ്ഞത് എന്നത് ഗായിക പറഞ്ഞപ്പോള്‍ ആരാധകര്‍ക്കത് വലിയൊരു ഞെട്ടലായിരുന്നു. അപൂർവമായ സഡൻ സെൻസറി ന്യൂറൽ നേർവ് ഹിയറിങ് ലോസ് ആണ് ഗായികയെ ബാധിച്ച അസുഖം. ആ അസുഖം ബാധിച്ചതിനാൽ മുഖ്യധാരയിൽനിന്ന് മാറിനിൽക്കുകയാണെന്നും അൽക്ക അന്ന് വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ആ അസുഖം മാറിയിട്ടില്ലെന്ന് തുറന്നുപറയുകയാണിപ്പോൾ അൽക്ക. താനിപ്പോഴും ഈ അസുഖവുമായുള്ള പോരാട്ടത്തിലാണെന്നും അതുതന്നെ വല്ലാതെ ബുദ്ധിമുട്ടിപ്പിക്കുന്നു എന്നുമാണ് അല്‍ക്ക പറയുന്നത്. അസുഖം മൂലമാണ് താൻ പുതിയ പാട്ടുകളൊന്നും ഏറ്റെടുക്കാത്തതെന്നും ഗായിക പറഞ്ഞു.
‘‘സംഗീതസംവിധായകർ ഇടയ്ക്കിടെ എന്നെ സമീപിക്കുന്നുണ്ട്. പക്ഷേ എനിക്കത് ചെയ്യാൻ കഴിയുന്നില്ല. ഇപ്പോഴും ഈ അസുഖവുമായുള്ള പോരാട്ടത്തിലാണ്. അതുകൊണ്ടാണ് പുതിയ പാട്ടുകള്‍ ഏറ്റെടുക്കാത്തത്...’’ അല്‍ക്ക പറയുന്നു. എൻ.ഡി.ടി.വി യോടാണ് ഗായികയുടെ തുറന്നു പറച്ചില്. രോഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ പക്ഷേ അല്‍ക്ക വിസമ്മതിച്ചായും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2024-ൽ ഇംതിയാസ് അലിയുടെ ‘അമർ സിങ് ചംകില’യിലെ ‘നാറം കാൽജ’ എന്ന പാട്ടാണ് അൽക്ക അവസാനമായി പാടിയത്. അതിനു ശേഷം അല്‍ക്ക ഗാനരംഗത്തുനിന്ന് മാറിനിൽക്കുകയായിരുന്നു. എന്നാല്‍ ഇതിനിടയിലും ഗായികയ്ക്ക് ഈ വർഷമാദ്യം രാജ്യം പത്മഭൂഷൺ ബഹുമതി നൽകി അല്‍ക്കയെ ആദരിച്ചിരുന്നു.
ഒരു കുറിപ്പിലൂടെയാണ് തന്റെ അസുഖവിവരം അന്ന് അൽക്ക ആരാധകരെ അറിയിച്ചത്. പെട്ടെന്നുള്ള വൈറൽ ആക്രമണം മൂലമാണ് തനിക്ക് അസുഖമുണ്ടായതെന്ന് അല്‍ക്ക അന്ന് വെളിപ്പെടുത്തിയിരുന്നു. ‘‘പ്രിയപ്പെട്ട സ്നേഹിതരേ, ഏതാനും ആഴ്ചകൾക്കു മുമ്പ് ഞാൻ ഒരു വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ കേൾവിശക്തിക്കു തകരാർ സംഭവിച്ചതായി തോന്നി. കുറച്ചു നാളുകളായി എന്നെ മുഖ്യധാരയിൽ കാണാതെ വന്നതോടെ പലരും അന്വേഷിക്കാൻ തുടങ്ങിയിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ഞാൻ മൗനം വെടിയുന്നത്. അപൂർവമായി സംഭവിക്കുന്ന കേൾവിനഷ്ടമാണ് എനിക്കുണ്ടായത്.
പെട്ടെന്നുണ്ടായ ഈ അപ്രതീക്ഷിത രോഗാവസ്ഥ എന്നെ പൂർണമായും ഉലച്ചു. ഇപ്പോൾ ഞാൻ അതിനോടു പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. ദയവായി നിങ്ങളുടെ പ്രാർഥനയിൽ എന്നെ ഓർമിക്കണം. നിങ്ങളുടെ സ്നേഹത്തിലൂടെയും പിന്തുണയിലൂടെയും പഴയജീവിതത്തിലേക്കു മടങ്ങിവരാനാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഈ നിർണായകമായ നിമിഷത്തിൽ നിങ്ങളുടെ സ്നേഹം എനിക്കു ശക്തി നൽകട്ടെ.... ’’ എന്നാണ് അല്‍ക്ക കുറിച്ചത്. അതിനൊപ്പം വളരെ ഉച്ചത്തിൽ ഹെഡ്ഫോൺ ഉപയോഗിച്ച് സിനിമ കാണുന്നതിനും സംഗീതം കേൾക്കുന്നതിനുമെതിരെ അൽക്ക അന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ചോളി കെ പീഛേ ക്യാ ഹെ, കുഛ് കുഛ് ഹോതാ ഹെ, ദിൽ നെ യെ കഹാ ഹെ, സരാ തസ് വീർ സെ തൂ, താൽ സെ താൽ, ബാസീഗർ ഓ ബാസീഗർ, റാഹ് മേം ഉൻസെ, കഹോ നാ പ്യാർ ഹെ, കഭി അൽവിദ നാ കെഹനാ....തുടങ്ങി അല്‍ക്കയുടെ ഹിറ്റ് നമ്പറുകള്‍ അന്നുമിന്നും തരംഗമായി തുടരുകയാണ്. ഒരു കാലത്തിന്റെ നെഞ്ചിടിപ്പായിരുന്നു കുമാർ സാനു-അൽക്ക, ഉദിത് നാരായൺ-അൽക്ക കൂട്ടുകെട്ടുകൾ.
അസമീസ്, ബംഗാളി, ഗുജറാത്തി, മലയാളം, മറാത്തി, മണിപൂരി, ഒഡിയ, പഞ്ചാബി, ഭോജ്പുരി, തമിഴ്, തെലുഗു തുടങ്ങി 22-ഓളം ഭാഷകളില്‍ 20,000-ത്തിലേറെ പാട്ടുകളാണ് അല്‍ക്ക ഇതുവരെയായി പാടിയിട്ടുള്ളത്. ലതാ മങ്കേഷ്കറിനും ആശാ ഭോസ്ലെയ്ക്കും ശേഷം ഏറ്റവും കൂടുതൽ ബോളിവുഡ് സോളോ പാട്ടുകൾ പാടിയ ഗായിക കൂടിയാണ് അല്‍ക്ക. 1987-ൽ ‘തീർത്ഥം’ എന്ന മലയാളസിനിമയ്ക്കുവേണ്ടിയും അൽക്ക പാടി. സംഗീതജ്ഞയായ അമ്മയുടെ പാത പിന്തുടര്ന്നാണ് അല്‍ക്ക സംഗീതരംഗത്തേക്ക് എത്തിയത്. ആറാം വയസ്സിൽ കൽക്കത്തയിലെ ആകാശവാണിക്കുവേണ്ടി പാടി. മകളെ സിനിമയിൽ പാടിക്കണമെന്ന ആഗ്രഹവുമായി അല്‍ക്കയുടെ അമ്മ രാജ് കപൂറിനരികിലെത്തി. അൽക്കയുടെ ശബ്ദം കേട്ട് ഇഷ്ടപ്പെട്ട അദ്ദേഹം, സംഗീതസംവിധായകൻ ലക്ഷ്മീകാന്ത് പ്യാരേലാലിനടുത്തേക്ക് അയച്ചു. അതാണ് അല്‍ക്കയെന്ന ഗായികയ്ക്ക് വഴിത്തിരിവായി മാറിയത്. നാല്പത് വർഷമായി തുടരുന്ന സംഗീതജീവിതത്തിനിടെ അല്‍ക്കയുടെ ഈ അസുഖം ആരാധകരെ ഏറെ നൊമ്പരപ്പെടുത്തുന്നുണ്ട്.






