
പാനൂര്‍: കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും നടത്തുന്ന ഒത്തുകളി രാഷ്ട്രീയത്തിന് ഈ തിരഞ്ഞെടുപ്പോടെ അന്ത്യമാകുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്. ഡല്‍ഹിയില്‍ ഒന്നിച്ചുനില്‍ക്കുന്നവര്‍ കേരളത്തില്‍ പരസ്പരം പോരടിക്കുന്നത് ജനങ്ങളെ പറ്റിക്കാന്‍ വേണ്ടിയാണെന്നും ഈ നാടകം വോട്ടര്‍മാര്‍ തിരിച്ചറിയണമെന്നും പറഞ്ഞു.
കേരളത്തില്‍ പാര്‍ട്ടിക്ക് ജനപ്രതിനിധികള്‍ ഉണ്ടോ എന്ന് നോക്കിയല്ല നരേന്ദ്രമോദി സര്‍ക്കാര്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്. അതുകൊണ്ടാണ് കേരളത്തില്‍ ബി.ജെ.പിക്ക് വോട്ട് വിഹിതം വര്‍ധിക്കുന്നത്. കണ്ണൂരിലെ ബലിദാനികളുടെ ത്യാഗം പാഴാവില്ലെന്നും അവര്‍ ഉയര്‍ത്തിപ്പിടിച്ച പ്രത്യയശാസ്ത്രം കേരളത്തില്‍ വിജയം കാണുമെന്നും നിതിന്‍ നബീന് കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇടത്-വലത് മുന്നണികള്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് നടത്തുന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്ക് ശബരിമലയോടുള്ള താല്‍പ്പര്യം കേരളത്തില്‍ എത്തുമ്പോള്‍ മാത്രമുള്ള ഒന്നാണെന്നും ഇത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൂത്തുപറമ്പ് നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ. ഷിജിന് ലാലിന്റെ പ്രചാരണാര്‍ത്ഥം പാനൂരില്‍ സംഘടിപ്പിച്ച 'നമോ ഭാരത്' യാത്രയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മട്ടന്നൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ബിജു ഏളക്കുഴിയുടെ പ്രചാരണത്തിന്റെ ഭാഗമായി മട്ടന്നൂര്‍ നഗരത്തില്‍ നടന്ന വിജയയാത്രയിലും പങ്കെടുത്തു. വായാന്തോടില്‍ നിന്ന് ആരംഭിച്ച റാലിയില്‍ വാദ്യമേളങ്ങളും നൂറുകണക്കിന് സ്ത്രീകളും അണിനിരന്നു.






