
ഭോപ്പാൽ: വിവാഹസൽക്കാരത്തിന് മദ്യം നൽകാത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ വധൂവരന്മാർക്ക് മർദ്ദനമേറ്റു. മധ്യപ്രദേശിലെ ഗ്വാലിയറിലാണ് സംഭവം. ചടങ്ങിൽ പങ്കെടുത്ത അയൽവാസികളാണ് നവദമ്പതികളെ ക്രൂരമായി ആക്രമിച്ചത്. നവദമ്പതികളും ബന്ധുക്കളും ആക്രമിക്കപ്പെട്ടു. സംഘർഷത്തിൽ നിരവധി പേർക്ക് മർദ്ദനമേറ്റു.
ചൊവ്വാഴ്ച രാത്രിയിലാണ് വിവാഹസൽക്കാരം നടന്നത്. മദ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അയൽവാസികളായ യുവാക്കളാണ് പ്രശ്നമുണ്ടാക്കിയത്. എന്നാൽ മദ്യം നൽകാൻ കഴിയില്ലെന്ന് വരനായ മഹേഷ് ജടവ് തീർത്തും പറഞ്ഞതോടെ സംഘർഷം ഉടലെടുത്തു. മദ്യം വാങ്ങാൻ പണം നൽകണമെന്നായിരുന്നു യുവാക്കളുടെ ആവശ്യം.
പണം നൽകാൻ കുടുംബം നിരസിച്ചതോടെ പ്രതികൾ വരനെയും മറ്റ് കുടുംബാംഗങ്ങളെയും മർദ്ദിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് കുടുംബാംഗങ്ങൾക്ക് മർദ്ദനമേറ്റത്. വധുവിനെയും പ്രതികൾ ആക്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. ആക്രമണത്തിനിടെ വീട്ടുപകരണങ്ങളും പണവും മോഷ്ടിച്ചതായും ആരോപണമുണ്ട്.






