
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉയർന്ന ചൂടും വായുവിലെ ഈർപ്പവും കാരണം മലയോര മേഖലകളൊഴികെ മിക്കയിടങ്ങളിലും അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
ഇന്ന് (02/04/2026) കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 38°C വരെ ഉയർന്നേക്കാം. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ 37°C വരെയും പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 36°C വരെയുമാണ് താപനില പ്രതീക്ഷിക്കുന്നത്.
ചൂട് വർധിക്കുന്നത് സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി താഴെ പറയുന്ന നിർദേശങ്ങൾ പുറപ്പെടുവിച്ചു. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകളും കുടയോ തൊപ്പിയോ ഉപയോഗിക്കാനും ശ്രദ്ധിക്കണം.
ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽസമയത്ത് ഒഴിവാക്കണം. ഒആർഎസ് ലായനി, സംഭാരം എന്നിവ ശീലമാക്കുക. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. പരീക്ഷാക്കാലമായതിനാൽ സ്കൂളുകളിലും പരീക്ഷാഹാളുകളിലും കുടിവെള്ള ലഭ്യതയും വായുസഞ്ചാരവും ഉറപ്പാക്കണം. 11 am മുതൽ 3 pm വരെ കുട്ടികളെ വെയിലേൽക്കുന്ന പരിപാടികളിൽ പങ്കെടുപ്പിക്കരുത്. മാർക്കറ്റുകൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടുത്ത സാധ്യത കൂടുതലായതിനാൽ കർശനമായ ഫയർ ഓഡിറ്റും മുൻകരുതലും സ്വീകരിക്കണം. കാട്ടുതീ പടരാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം.






