
കൂത്താട്ടുകുളം: തെരഞ്ഞെടുപ്പ് ആവേശത്തിനിടയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പരസ്യമായ കൊലവിളിയും ഭീഷണിയുമായി സി.പി.എം ലോക്കല്‍ സെക്രട്ടറി രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. സി.പി.എം ലോക്കല്‍ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ ഫെബിഷ് ജോര്‍ജ് നടത്തിയ വിവാദ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുന്നത്.
തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായാല്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ മുട്ടുകാല് തല്ലിയൊടിക്കുമെന്നും, ആവശ്യമെങ്കില്‍ അവരെ വകവരുത്തുമെന്നുമാണ് പ്രസംഗത്തിലെ പ്രധാന ഭീഷണി. കിഴകൊമ്പ് വളപ്പില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പാര്‍ട്ടി ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തില്‍ മൈക്കിലൂടെയുള്ള ഈ പരസ്യ വെല്ലുവിളി.
സി.പി.എമ്മിന് ശക്തമായ സ്വാധീനമുള്ള കിഴകൊമ്പ് മേഖലയില്‍ അടുത്ത കാലത്തായി പാര്‍ട്ടിയില്‍ നിന്ന് വലിയ രീതിയിലുള്ള കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടുണ്ട്. 25-ഓളം പ്രവര്‍ത്തകര്‍ സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ മേഖലയില്‍ എന്‍.ഡി.എ തെരഞ്ഞെടുപ്പ് ഓഫീസ് തുറന്നതും, തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമങ്ങളും നിലവില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.
പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സി.പി.എം ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ പ്രതിരോധത്തില്‍ ആയിരിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവ് പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്തതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ അണികള്‍ ചോരുന്നത് തടയാന്‍ ഭീഷണി രാഷ്ട്രീയമാണ് സി.പി.എം പയറ്റുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ബി.ജെ.പി പ്രാദേശിക ഘടകത്തിന്റെ തീരുമാനം.






