
ടെഹ്റാന്: അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നടത്തിയ ശക്തമായ ആക്രമണത്തില്‍ ഇറാനിലെ വലിയ പാലവും ഉരുക്ക് ഫാക്ടറിയും തകര്‍ന്നു. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ പാലമാണ് ഭാഗികമായി തകര്‍ക്കപ്പെട്ടത്. ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക വിജയിച്ചു എന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെടുമ്പോഴും മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
തലസ്ഥാനമായ ടെഹ്റാനെ പടിഞ്ഞാറന്‍ നഗരമായ കരാജുമായി ബന്ധിപ്പിക്കുന്ന, നിര്‍മ്മാണത്തിലിരുന്ന പാലമാണ് തകര്‍ക്കപ്പെട്ടത്. 136 മീറ്റര്‍ ഉയരമുള്ള ഈ പാലം മിഡില്‍ ഈസ്റ്റിന്റെ എഞ്ചിനീയറിംഗ് മാസ്റ്റര്‍പീസായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. പാലത്തില്‍ ഇസ്രയേല്‍യുഎസ് സഖ്യം രണ്ടു തവണ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ആക്രമണത്തില്‍ പരിക്കേറ്റ സാധാരണക്കാരെ സഹായിക്കാന്‍ അടിയന്തര രക്ഷാസംഘം എത്തിയപ്പോഴാണ് വീണ്ടും ആക്രമണം ഉണ്ടായതെന്ന് ടെഹ്റാന് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്തുനിന്ന് കനത്ത പുക ഉയരുന്നതും പാലം തകരുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
'ഇറാനിലെ ഏറ്റവും വലിയ പാലം ഇടിഞ്ഞുവീഴുന്നു, ഇനി ഒരിക്കലും ഉപയോഗിക്കില്ല. ഇനിയും ഒരുപാട് കാര്യങ്ങള്‍ പിന്നാലെ വരാനുണ്ട്' എന്ന് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. തന്റെ പ്രസിഡന്‍സിയുടെ കീഴില്‍ അമേരിക്ക വിജയിക്കുകയാണെന്നും ശത്രുക്കള്‍ തോല്‍ക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നതിനാല്‍ വളരെ വേഗം 'ജോലി പൂര്‍ത്തിയാക്കുമെന്നും' ട്രംപ് പറഞ്ഞു. ഇറാന് എത്രയും വേഗം ഒരു കരാറില്‍ ഏര്‍പ്പെടണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
അതേസമയം, ഇറാന് ബഹുരാഷ്ട്ര ടെക് കമ്പനികള്‍ക്ക് നേരെയും ആക്രമണം നടത്തിയിട്ടുണ്ട്. ബഹ്റൈനിലെ ആമസോണ്‍ സെന്ററിന് നേരെ ഇറാന് ആക്രമണം നടത്തിയതായാണ് വിവരം. ഇറാനെതിരായ പോരാട്ടത്തില്‍ ഇപ്പോള്‍ മുമ്പത്തേക്കാള്‍ വലിയ വിജയമാണ് തങ്ങള്‍ നേടുന്നതെന്ന് ട്രംപ് വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ ഇരുവിഭാഗവും ആക്രമണം തുടരുന്നത് വലിയ ആശങ്കയ്ക്കാണ് ഇടയാക്കുന്നത്.






