
കോഴിക്കോട്: പേരാമ്പ്രയിലെ പ്രചാരണ വാഹനത്തില്‍ നടന്ന വിവാദ അനൗണ്സ്മെന്റില് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും കണ്‍വീനറുമായ ടി.പി. രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് വിശദീകരണം തേടി നോട്ടീസ് അയച്ചത്. അനൗണ്‍സ്മെന്റ് വീഡിയോ സഹിതമായിരുന്നു പരാതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്നാണ് പ്രധാന ആരോപണം.
ഫാത്തിമ തെഹ്ലിയയെ സ്ഥാനാര്‍ത്ഥിയാക്കിയ മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നു എന്ന രീതിയിലുള്ള അനൗണ്‍സ്മെന്റാണ് എല്‍ഡിഎഫ് പ്രചാരണ വാഹനത്തില്‍ ഉണ്ടായതെന്നാണ് ആക്ഷേപം. 'നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്' എന്നാണ് ലീഗ് പ്രചാരണം നടത്തുന്നതെന്നും ഇത് മത ഏകീകരണത്തിന്റെ ചിഹ്നം വിളിയാണെന്നും അനൗണ്സ്മെന്റില് പറയുന്നു. ലീഗിന്റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തുതോല്‍പ്പിക്കണമെന്നും ഇത് മതവര്‍ഗീയതയുടെ തന്ത്രമാണെന്നും അനൗണ്സ്മെന്റില് ആവര്‍ത്തിക്കുന്നുണ്ട്.
നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രചരിപ്പിച്ച കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദത്തിന്റെ തുടര്‍ച്ചയായാണ് എല്‍ഡിഎഫ് ഇത്തരം പ്രചാരണം നടത്തുന്നതെന്ന് യുഡിഎഫ് ആരോപിച്ചു. എന്നാല്‍ നേതൃത്വം ഇക്കാര്യമറിഞ്ഞിട്ടില്ലെന്നും വിശദമായി പരിശോധിക്കുമെന്നുമാണ് എല്‍ഡിഎഫ് ഇതിനോട് പ്രതികരിച്ചത്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പ്രചാരണം തങ്ങള്‍ നടത്തിയിട്ടില്ലെന്നും എല്‍ഡിഎഫ് നേതൃത്വം വാദിക്കുന്നു.
സംഭവത്തില്‍ കടുത്ത പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്തെത്തി. മതം പറഞ്ഞ് വോട്ട് വാങ്ങുന്ന പാരമ്പര്യം യുഡിഎഫിന് ഇല്ലെന്നും സമൂഹത്തില്‍ നികത്താന്‍ കഴിയാത്ത വിള്ളലുണ്ടാക്കുന്ന ഇത്തരം രീതികള്‍ ഏറെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. നാല് വോട്ട് കിട്ടാന്‍ വേണ്ടി മതസൗഹാര്‍ദത്തെ തകര്‍ത്തുള്ള നേട്ടം ആരും ഇഷ്ടപ്പെടുന്നില്ലെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു






