
മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ യുവതിയെ പിന്തുടര്ന്ന് ശല്യം ചെയ്ത യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്ത് മലയാളി. വെടിയേറ്റ മൂന്ന് യുവാക്കളില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈ താനെയിലെ കൈലാഷ് നഗറിലുള്ള സുമന് തായ് ചവാന് ഹിന്ദി പ്രൈമറി സ്കൂളിന് മുന്നില്‍ ഇന്നലെ രാവിലെ 11.30 നാണ് സംഭവം. വെിടയുതിര്ത്തശേഷം യുവതിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ജയന് ശിവാനന്ദന് നായരെ (51) പോലീസ് കസ്റ്റഡിയിലെടുത്തു. അക്ബര്‍ അബ്ദുല്‍ ഷെയ്ഖ് എന്ന യുവാവാണ് ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരണപ്പെട്ടത്. അബ്ദുല്‍ ഹസന് ഷെയ്ഖ്, സമീര്‍ അഹമ്മദ് എന്നിവര്‍ക്കാണ് വെടിയേറ്റ മറ്റ് രണ്ടുപേര്‍.
അനു ഷെയ്ഖ് ഹില എന്ന യുവതിയെ അക്രമികള്‍ കുറച്ചുനാളുകളായി പിന്തുടര്ന്ന് ശല്യം ചെയ്തിരുന്നതായാണ് വിവരം. ഇന്നലെയും സ്കൂളിന് മുന്നില്‍ വെച്ച് ഇവര്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചു. ഈ സമയത്ത് സ്ഥലത്തെത്തിയ ജയന് യുവാക്കളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് തന്റെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നു. താന്‍ സഹോദരിയെപ്പോലെ കരുതിയ യുവതിയെ നിരന്തരം ശല്യം ചെയ്തതിനാലാണ് വെടിവെച്ചതെന്നാണ് ജയന് പോലീസിന് നല്കിയ മൊഴി. പല തവണ ഇവര്‍ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
മുന്‍പ് കരസേനയില്‍ സൈനികനായിരുന്നു ജയന് ശിവാനന്ദന് നായര്‍ എന്ന് പോലീസ് വെളിപ്പെടുത്തി. ഒരു നാടന്‍ തോക്കുപയോഗിച്ചാണ് ഇയാള്‍ വെടിവെപ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മരിച്ച അക്ബര്‍ അബ്ദുല്‍ ഷെയ്ഖിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. യുവതിയെ ശല്യം ചെയ്തത് സംബന്ധിച്ചും ജയന്റെ പക്കല്‍ തോക്ക് എത്തിയതിനെ കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവര്‍ നിലവില്‍ ചികിത്സയിലാണ്.






