
തെഹ്‌റാന്‍: ഒരു അമേരിക്കന്‍ യുദ്ധവിമാനം കൂടി വെടിവെച്ചിട്ടതായി ഇറാന്‍. ഹോര്‍മുസ് കടലിടുക്കിന് മുകളില്‍ വെച്ച് 'എ10' വിമാനമാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസം തകര്‍ത്ത എഫ്15 വിമാനത്തിലെ ഒരു സൈനികനെ രക്ഷപ്പെടുത്തിയതായി അമേരിക്ക അറിയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ തകര്‍ന്ന വിമാനത്തിന്റെ പൈലറ്റ് ഇറാന്റെ പിടിയിലായെന്നാണ് ഇറാനിയന്‍ ന്യൂസ് ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്യുന്നത്. ദക്ഷിണ ഇറാനില്‍ വെച്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ആണ് വിമാനം വെടിവെച്ച് വീഴ്ത്തിയത്.
വിമാനത്തില്‍ നിന്നും ഇജക്ട് ചെയ്ത പൈലറ്റ് ഇറാന്റെ മണ്ണിലാണ് ലാന്‍ഡ് ചെയ്തത്. പൈലറ്റ് ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തില്‍ അദ്ദേഹത്തെ അതിര്‍ത്തി പ്രദേശത്ത് നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ യുഎസ് സേന നടത്തുന്നുണ്ടെന്നും സൂചനയുണ്ട്. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അതേസമയം, അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ആവശ്യം ഇറാന്‍ നിരസിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മറ്റൊരു രാജ്യം മുഖേനയാണ് അമേരിക്ക ഈ ആവശ്യം ഉന്നയിച്ചതെന്ന് ഇറാന്റെ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല.






