
നാസിക്: രാത്രിയില്‍ വാഹനം കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഒമ്പത് പേര് മരിച്ചു. നാസിക്കിലെ ദിന്‍ഡോരിയില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ നാസിക്കില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ശിവാജി നഗര്‍ പ്രദേശത്ത് രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്.
ദിന്‍ഡോരിയിലെ ഇന്‍ഡോര്‍ ഗ്രാമവാസികളായ ഇവര്‍ ടൗണില്‍ നടന്ന ഒരു കോച്ചിംഗ് ക്ലാസ് ഒത്തുചേരലില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇരുട്ടില്‍ കിണര്‍ കാണാന്‍ കഴിയാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. നിയന്ത്രണം വിട്ട വാഹനം കിണറ്റിലേക്ക് വീഴുകയും എല്ലാവരും അതിനുള്ളില്‍ കുടുങ്ങുകയുമായിരുന്നു.
വിവരമറിഞ്ഞ ഉടന്‍ തന്നെ രണ്ട് ഹൈഡ്ര ക്രെയിനുകളും പ്രാദേശിക നീന്തല്‍ വിദഗ്ധരെയും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ലെന്ന് ദിന്‍ഡോരി പോലീസ് ഇന്‍സ്പെക്ടര്‍ ഭഗവാന് മഥുറെ പറഞ്ഞു. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുലര്‍ച്ചെ 12.15-ഓടെയാണ് വാഹനവും മൃതദേഹങ്ങളും പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ദിന്‍ഡോരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
സുനില്‍ ദത്തു ദര്‍ഗുഡെ (32), രേഷ്മ സുനില്‍ ദര്‍ഗുഡെ (27), ആശ അനില്‍ ദര്‍ഗുഡെ (32), ഖുഷി അനില്‍ ദര്‍ഗുഡെ (14), മാധുരി അനില്‍ ദര്‍ഗുഡെ (13), ശ്രേയസ് അനില്‍ ദര്‍ഗുഡെ (11), രാഖി (ഗുണ്വന്തി) സുനില്‍ ദര്‍ഗുഡെ (11), ശ്രാവണി അനില്‍ ദര്‍ഗുഡെ (11), സമൃദ്ധി രാജേന്ദ്ര ദര്‍ഗുഡെ (7) എന്നിവരാണ് അപകടത്തില്‍ മരണമടഞ്ഞവര്‍.






