
രാജാ റാണി, തെരി, മെർസൽ, ബിഗിൽ തുടങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങളിലൂടെയും ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിലൂടെയും ആരാധകരുടെ മനസ്സ് കവര്‍ന്ന സംവിധായകനാണ് അറ്റ്‌ലി കുമാര്‍.
ഒരുപാട് പരിഹാസങ്ങളും തഴയപെടലുകളും താണ്ടിയാണ് അറ്റ്ലി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് നടന്നു കയറിയത്. ഇന്ന് രാജ്യം മുഴുവന്‍ സംസാരിക്കുന്ന സംവിധായകരില്‍ ഒരാളാണ് അറ്റ്‌ലി. കരിയറിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും അറ്റ്ലി ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. സംവിധായകൻ അറ്റ്ലിയും ഭാര്യ പ്രിയയും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്.
ഇപ്പോഴിതാ പ്രിയയുടെ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. അറ്റ്ലിക്കൊപ്പം ബേബി ബമ്പിൽ അതിസുന്ദരിയായി തിളങ്ങുന്ന പ്രിയയെ ചിത്രങ്ങളിൽ കാണാം.
‘‘വളർന്നു കൊണ്ടിരിക്കുന്ന ഒരു സ്നേഹം...’’ എന്ന ക്യാപ്ഷൻ നൽകിയാണ് അറ്റ്ലിയും പ്രിയയും ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ആരാധകരും സഹപ്രവർത്തകരും താരത്തിന്റെ ഏറ്റെടുത്തു.
മീറിനും തങ്ങളുടെ വളർത്തു നായകൾക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് ജീവിതത്തിലെ വലിയ സന്തോഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണെന്ന് അറ്റ്ലി കുറിച്ചത്. എല്ലാവരുടെയും പ്രാർഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയെന്നും അറ്റ്ലീ അന്ന് സന്തോഷം പങ്കിട്ട് കുറിച്ചത്.
ടെലിവിഷൻ അവതാരകയായിരുന്ന പ്രിയ മോഹനെയാണ് അറ്റ്ലി വിവാഹം ചെയ്തത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു പിന്നാലെ 2014 ല്‍ ആയിരുന്നു അറ്റ്ലിയുടെയും പ്രിയയുടെയും വിവാഹം.
2023ൽ ഇരുവർക്കും മീര്‍ എന്ന ആദ്യത്തെ കുഞ്ഞ് ജനിച്ചു . ശങ്കറിന്റെ അസോഷ്യേറ്റായി സിനിമാ കരിയർ ആരംഭിച്ച അറ്റ്‌ലീ ‘രാജാറാണി’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത് . പിന്നീട് വിജയ്‌യെ നായകനാക്കി തുടർച്ചയായ മൂന്ന് ബ്ലോക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച് തെന്നിന്ത്യയിലെ വിലപിടിപ്പുള്ള സംവിധായകനായി അറ്റ്ലി മാറി .
ഷാറുഖ് ഖാനെ നായകനാക്കി ‘ജവാൻ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.
ഈ വർഷം സിനിമാപ്രേമികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകളിൽ ഒന്നാണ് അല്ലു അർജുനെ നായകനാക്കി അറ്റ്‌ലി ഒരുക്കുന്ന ചിത്രം. 'AA22xA6' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഫാന്റസിയാണെന്നാണ് സൂചന.






