
കോട്ടയം: ഇടതുമുന്നണിയിലെ പ്രമുഖ കക്ഷികളില്‍ നിന്ന് ബിജെപിയിലേക്ക് പ്രവര്‍ത്തകര്‍ ചേക്കേറുന്ന സാഹചര്യം ഗൗരവത്തോടെയാണ് കാണുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രവര്‍ത്തകര്‍ക്കിടയില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ കൂടുതല്‍ ശക്തമായി പഠിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുമെന്നും സംഘടനാപരമായ പോരായ്മകള്‍ പരിഹരിക്കുമെന്നും പറഞ്ഞു.
കൊഴിഞ്ഞുപോക്ക് തടയാനുള്ള നടപടികള്‍ പാര്‍ട്ടി സ്വീകരിക്കുമെന്നും ബിനോയ്വിശ്വം വ്യക്തമാക്കി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈക്കത്തെ മുന്‍ എംഎല്‍എ കെ. അജിത്ത്, മുന്‍ എംഎല്‍എ പി. നാരായണന്റെ കുടുംബാംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ള സിപിഐ പ്രവര്‍ത്തകര്‍ കാവിപ്പടയുടെ ഭാഗമായതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കിയത്.
വൈക്കത്ത് പാര്‍ട്ടി വിട്ടവരുടെ എണ്ണം വിരലിലെണ്ണാവുന്നവര്‍ മാത്രമാണെന്ന് തുടക്കത്തില്‍ അവകാശപ്പെട്ട ബിനോയ് വിശ്വം, പിന്നീട് നിലപാട് മാറ്റുകയായിരുന്നു. എല്‍ഡിഎഫ് കക്ഷികളില്‍ നിന്ന് ബിജെപിയിലേക്ക് പ്രവര്‍ത്തകരുടെ കാര്യമായ ഒഴുക്ക് ഉണ്ടാകുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം അദ്ദേഹം സമ്മതിച്ചു. തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള ഒരു പ്രധാന ചര്‍ച്ചാവിഷയമാകുമെന്ന് താന്‍ കരുതുന്നില്ലെന്നും പറഞ്ഞു.
സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ചര്‍ച്ചയാകുന്നതില്‍ സിപിഐക്ക് ഭയമില്ല. ആരോപണവിധേയരെ സോണിയാ ഗാന്ധിയുടെ അരികിലേക്ക് എത്തിച്ചവര്‍ക്കാണ് ഈ വിഷയത്തില്‍ ഭയം വേണ്ടതെന്നും കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ച് ബിനോയ് വിശ്വം പരിഹസിച്ചു.






