
കുടക്: കര്‍ണാടകയിലെ കുടക് ജില്ലയിലെ മടിക്കേരിയില്‍ ട്രെക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്.ശരണ്യ (36)യ്ക്കായി മൂന്നാം ദിവസവും തിരച്ചില്‍ തുടരുന്നു. കൊച്ചിയില്‍നിന്നുള്ള ഐ.ടി. പ്രഫഷണലായ ശരണ്യയെ കഴിഞ്ഞ രണ്ടു മുതലാണ് കാണാതായത്. കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനെത്തിയതായിരുന്നു ശരണ്യ. ഒറ്റയ്ക്കാണു കൊച്ചിയില്‍നിന്നു കുടകിലെത്തിയത്. തുടര്‍ന്ന് നാപ്പോക്‌സുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോം സ്‌റ്റേയിലാണു താമസിച്ചിരുന്നത്.
രണ്ടിനു രാവിലെ 8.15നു വനംവകുപ്പിന്റെ അനുമതി വാങ്ങിയാണു ട്രക്കിങ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകുന്നേരം നാലോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. തനിക്കു വഴിതെറ്റിയതായി ശരണ്യ ഹോം സ്‌റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെട്ടു. ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയയ്തു.
പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം 60 പേരാണു തെരച്ചില്‍ നടത്തുന്നത്. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണു തെരച്ചില്‍. ഡ്രോണുകളും സ്‌നിഫര്‍ നായകളും ഉപയോഗിച്ചു വനത്തിനകത്തും മറ്റു വഴികളിലും പരിശോധന നടത്തുന്നുണ്ട്.
കനത്ത കാടും പ്രതികൂലമായ കാലാവസ്ഥയും തെരച്ചിലിനു വെല്ലുവിളിയാണ്. ശരണ്യയുടെ സഹോദരന്‍ കുടകിലെത്തിയിട്ടുണ്ട്. നാപ്പോക്‌സു പോലീസ് സ്‌റ്റേഷനില്‍ മിസിങ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്. യുവതി അപകടത്തില്‍പ്പെട്ടതാണോ വഴിമാറി സഞ്ചരിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്.






