
തൃശൂരിൽ ബിജെപി കിറ്റ് വിതരണം ചെയ്യുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്. തൃശൂര്‍ വാടാനപ്പള്ളിയിലെ ചാംപ്യൻ സൂപ്പർ മാർക്കറ്റിൽ കിറ്റ് സൂക്ഷിച്ചിരിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടിയതോടെ സ്ഥലത്ത് വലിയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
ഏറെ നേരം ബിജെപി കോൺഗ്രസ് പ്രവർത്തകർ നേർക്കുനേർ നിലയുറപ്പിച്ചു. ഇരുവിഭാഗവും മുദ്രാവാക്യം വിളികളുമായി സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. കിറ്റുകൾ ഉള്ളതായി ആരോപണമുയർന്ന ഗോഡൗണിലെ മുകളിലെ മുറിയിൽ നിന്നും ബിജെപി നേതാവും നടനുമായ ദേവൻ പുറത്തേക്ക് വന്നു.
ബഗീഷ് പൂരാടനൊപ്പമാണ് ദേവൻ ഗോഡൗണിനെ മുകളിലെ മുറിയിൽ നിന്ന് പുറത്തേക്ക് വന്നത്. ദേവൻ പുറത്തുവന്നശേഷം ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ഇലക്ഷൻ ഫ്ലൈയിംഗ് സ്ക്വാഡും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം, ബിജെപി നേതാവ് ബഗീഷ് പൂരാടന്‍റെ വാഹനം പൊലീസ് പരിശോധിച്ചു. ഗോഡൗണ്‍ ഉടമയിൽ നിന്നും പൊലീസ് വിവരം ശേഖരിച്ചു. നാലായിരത്തോളം കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി ബിജെപി തയ്യാറാക്കിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം.






