
പാലക്കാട്: എന്‍ഡിഎക്ക് വേണ്ടി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. പാലക്കാട് കോങ്ങാട് മണ്ഡലത്തിലാണ് പ്രചാരണത്തിനെത്തിയത്.കോങ്ങാട് എംഎല്‍എ ശാന്തകുമാരിയും പാലക്കാട് എംപി ശ്രീകണ്ഠനും മണ്ഡലത്തിനും ജനങ്ങള്‍ക്കും വേണ്ടി ഒന്നും ചെയ്തില്ലെന്ന് നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി.
ശബരിമലയിലെ അയ്യപ്പന്റെ സ്വർണം വരെ കള്ളന്മാർ അടിച്ചുമാറ്റിയെന്നും ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം പോലും സുരക്ഷിതനല്ലെന്നും മലയാളത്തിൽ പ്രസംഗിച്ച മന്ത്രി . ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലും സംസ്ഥാന സര്‍ക്കാരിനെതിരെ മന്ത്രി കടുത്ത ഭാഷയില്‍ പ്രതികരിച്ചു. ദൈവവിശ്വാസമില്ലാത്തവര്‍ എന്തിനാണ് ദേവസ്വം ബോര്‍ഡിലിരിക്കുന്നതെന്ന് ചോദിച്ച മന്ത്രി, ബോര്‍ഡിന്റെ കഴിഞ്ഞ കാലത്തെ കണക്കെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു.
സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 2,500 രൂപ എല്ലാ മാസവും നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. ഓണത്തിനും ക്രിസ്മസിനുമായി രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ നല്‍കും. ഇതിനുപുറമെ ഓണം, ക്രിസ്മസ് ആഘോഷ വേളകളില്‍ ഓരോ സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ വീതം നല്‍കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. എല്ലാ വീടുകളിലും സൗജന്യമായി കുടിവെള്ളം എത്തിക്കും. ഇത് വെറും വാഗ്ദാനമല്ല, ‘മോദി ഗ്യാരണ്ടി’യാണെന്നും മന്ത്രി ഉറപ്പിച്ചു പറഞ്ഞു.
കേന്ദ്രം പണം അനുവദിച്ചിട്ടും മണ്ഡലത്തില്‍ റോഡുകളോ പാലങ്ങളോ ആശുപത്രികളോ നിര്‍മ്മിക്കുന്നില്ല. മരിച്ചാല്‍ സംസ്‌കരിക്കാന്‍ പോലും സൗകര്യമില്ലാത്ത അവസ്ഥയാണെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടുവെന്നും മന്ത്രി ആരോപിച്ചു. കേന്ദ്ര പദ്ധതികളായ ജന്‍ധന്‍ യോജന (5.7 ലക്ഷം അക്കൗണ്ടുകള്‍), മുദ്ര ലോണ്‍ (14 ലക്ഷം ഗുണഭോക്താക്കള്‍), പിഎം സ്വനിധി എന്നിവയിലൂടെ പാലക്കാട്ടെ ജനങ്ങള്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ അവര്‍ വിശദീകരിച്ചു.






