
ആലപ്പുഴ: ആദ്യകാല നടനും ചലച്ചിത്രപ്രവര്‍ത്തകനുമായ അമാന്‍ നവോദയ ( 82) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ആലപ്പുഴയിലായിരുന്നു അന്ത്യം. ഉദയായുടേയും നവോദയയുടെയും സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. അഭിനയത്തിന് പുറമേ കലാസംവിധായകനും നിശ്ചലഛായാഗ്രഹണം, ചമയം, വസ്ത്രാലങ്കാരം തുടങ്ങി സിനിമയുടെ സമസ്തമേഖലയിലും കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്.
വിവാഹത്തിന് പടമെടുക്കാന്‍ എത്തിയപ്പോഴാണ് ഉദയ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയെ പരിചയപ്പെട്ടത്. ഉദയായില്‍ മേക്കപ്പ്മാന്റെ സഹായിയായി തുടങ്ങി. തിരക്കഥ പകര്‍ത്തിയെഴുതുന്ന ജോലികള്‍ ഉള്‍പ്പെടെ ആദ്യകാലത്ത് ചെയ്തിരുന്നു. കുഞ്ചാക്കോയുടെ മരണശേഷം അപ്പച്ചന് നവോദയ സ്റ്റുഡിയോ ആരംഭിച്ചപ്പോള്‍ അമാനും ഒപ്പംചേര്‍ന്നു. ' മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന സിനിമയ്ക്കുവേണ്ടി മോഹന്‍ലാലിനെ അഭിമുഖം നടത്തിയ കൂട്ടത്തില്‍ സിബി മലയിലിനും ജിയോ പുന്നൂസിനും ഫാസിലിനുമൊപ്പം അമാനുമുണ്ടായിരുന്നു.
ഭാര്യ: ഹലീമ ബീവി. മക്കള്‍: സിറാജ് അമാന്‍, അജീബ് അമാന്‍, ഹലീന അമാന്‍. മരുമക്കള്‍: ഷെര്‍മിന്‍ സിറാജ്, സബീന അജീബ്, അന്‍വര്‍ ഹുസൈന്.






