
കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് നടൻ ഗോവിന്ദ് പദ്മസൂര്യയും നടി ഗോപിക അനിലും. ‘അടയാളങ്ങൾ' എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഗോവിന്ദ് പത്മസൂര്യ ഡാഡികൂൾ, ഐജി, വർഷം, പ്രേതം 2 എന്നിവയിലടക്കം അഭിനയിച്ചിട്ടുണ്ട്. കീ എന്ന ചിത്രത്തിലൂടെ തമിഴിലും ‘അല വൈകുണ്ഠപുരമുലു’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും താരം തിളങ്ങി. ടെലിവിഷൻ അവതാരകൻ എന്ന നിലയിലും ജിപി ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ബാലതാരമായി സിനിമയിലെത്തിയ താരമാണ് ഗോപിക അനില്‍. ശിവം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചിട്ടുണ്ട്. മയിലാട്ടം എന്ന ചിത്രത്തിലും ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി തിളങ്ങിയ ആയുർവേദ ഡോക്ടര്‍ കൂടിയായ ഗോപികയുടെ രണ്ടാം വരവ് മിനിസ്ക്രീനിലൂടെയായിരുന്നു. കബനി എന്ന സീരിയലിൽ ആയിരുന്നു തുടക്കം. പിന്നീടാണ് സാന്ത്വനത്തിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയത്.
ഏറെ സന്തോഷത്തോടെയാണ് ഇവര്‍ തമ്മിലുള്ള വിവാഹവാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തത്. ജി & ജി കപ്പിള്‍ എന്നാണ് ഈ ജോടികള്‍ക്ക് മലയാളികള്‍ നല്കിയ ചെല്ലപ്പേര്. യാത്രകൾ ഏറെയിഷ്ടപ്പെടുന്നവരാണ് ജിപി- ഗോപിക ദമ്പതികൾ. യാത്രകളും കുടുംബത്തോടും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ഗെറ്റ് റ്റുഗദറുകളുമായി ജീവിതം ആഘോഷിക്കുകയാണ് താരദമ്പതിമാര്‍.
ഇപ്പോഴിതാ ‘കഹോ നാ പ്യാർ ഹേ’ എന്ന സിനിമയിലൂടെ സിനിമാപ്രേമികൾക്ക് ഏറെ സുപരിചിതമായ ക്രാബി സന്ദർശിച്ച സന്തോഷം പങ്കിടുകയാണ് ജിപിയും ഗോപികയും. ഹൃത്വികും അമീഷ പട്ടേലും പ്രണയം തുറന്നു പറയുന്ന ഈ ബീച്ചിലെ ഗാനരംഗം അന്നുമിന്നും ട്രെന്‍ഡിംഗാണ്. അവിടെയെത്തിയ സന്തോഷം ചിത്രങ്ങളിലൂടെയാണ് ജിപിയും ഗോപികയും പങ്കിട്ടിരിക്കുന്നത്.
‘‘ഒടുവിൽ നമ്മളിവിടെ എത്തിയിരിക്കുന്നു... ‘കഹോ നാ പ്യാർ ഹേ’ എന്ന സിനിമയ്ക്ക് ജീവൻ തുടിച്ച അതേ മണ്ണിൽ! ഒരുപക്ഷേ നമ്മൾ കണ്ടുവളർന്ന സിനിമകളോടുള്ള ഇഷ്ടമായിരിക്കാം... അല്ലെങ്കിൽ കടൽ അതിന്റെ കഥകൾ പറഞ്ഞുതരുന്ന ആ ഒരു രീതിയായിരിക്കാം ഇതിന് കാരണം.
ഫ്രാ നാംഗ് മുതൽ ടപ്പ് ഐലൻഡ് വരെ... ഞങ്ങൾ വെറുതെ ചിത്രങ്ങൾക്കായി പോസ് ചെയ്യുകയായിരുന്നില്ല, മറിച്ച് ആ ഫ്രെയിമിന്റെ തന്നെ ഒരു ഭാഗമായി മാറുകയായിരുന്നു....’’ എന്നാണ് യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കിട്ട് ഗോവിന്ദ് പത്മസൂര്യ കുറിച്ചിരിക്കുന്നത്. തെക്കൻ തായ്ലൻഡിലെ ഒരു പ്രവിശ്യയാണ് ക്രാബി. മനോഹരമായ കടൽത്തീരങ്ങൾക്കും ചുണ്ണാമ്പുകല്ല് പാറകൾക്കും പേരുകേട്ടതാണ് ഈ പ്രദേശം.






