
മലയാളത്തിലെ പ്രമുഖയായ എഴുത്തുകാരിയാണു ഇന്ദു മേനോൻ ‘മൈ മദേഴ്‌സ് ലാപ്‌ടോപ്പ്’ എന്ന മലയാളചലച്ചിത്രത്തിനു തിരക്കഥയും സംഭാഷണവും രചിച്ച് കൊണ്ട് മലയാള സിനിമയിലേക്ക് എത്തിപ്പെട്ട ഒരു സാഹിത്യകാരി കൂടിയാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പല സാമൂഹിക വിഷയങ്ങളെക്കുറിച്ചും ഇന്ദുമേനോന്‍ തുറന്നെഴുത്ത് നടത്താറുണ്ട്. അവയില്‍ പലതും പിന്നീട് ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ തെരഞ്ഞെടുപ്പിൽ ബലാത്സംഗക്കേസിൽ പ്രതിയായവർ മത്സരിക്കുന്നതിനെ വിമർശിക്കുകയാണ് ഇന്ദു മേനോൻ. ലൈംഗിക പീഡകളെ കുറിച്ച് എഴുതാൻ തുടങ്ങിയാൽ പിന്നെ വേറെ ഒന്നും എഴുതാൻ ഉണ്ടാവില്ല എന്നു തുടങ്ങുന്ന കുറിപ്പിലാണ് ഇന്ദു മേനോൻ വിവിധ മേഖലകളിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്തായാലും ഈ വർഷത്തെ ഇലക്ഷനിൽ ഒരു ലൈംഗിക പീഡകൻ മത്സരിക്കുന്നുണ്ട് എന്ന വാർത്ത നമ്മുടെ കേരളത്തെ കുറിച്ചുള്ള പ്രത്യാശ വർധിപ്പിക്കുന്നുണ്ടെന്നും ഗർഭം കലക്കി ചേട്ടായിക്ക് സീറ്റ് കൊടുത്തില്ലെങ്കിലും ബലാൽസംഗക്കാരന് നമ്മൾ കൊടുക്കുമെന്നും ഇവറ്റകളിൽ നിന്നും രക്ഷപ്പെടണമെങ്കിൽ തലവഴി മുണ്ടിട്ട് മൂടി പറ്റിയാൽ പർദ്ദയുമിട്ട് രക്ഷപ്പെടാമെന്നുമാണ് ഇന്ദു മേനോൻ കുറിച്ചിരിക്കുന്നത്.
‘‘ലൈംഗിക പീഡകരെ കുറിച്ച് എഴുതാൻ തുടങ്ങിയാൽ പിന്നെ വേറെ ഒന്നും എഴുതാൻ ഉണ്ടാവില്ല.
സ്ത്രീകൾ അടക്കമുള്ള ആളുകൾ പീഡകർക്ക് പിന്തുണയുമായി വരികയും ആളുകളെ അൺഫ്രണ്ട് ചെയ്തു ആളുകളെ അടയാളപ്പെടുത്തിയും മാറി നടന്നും നമ്മുടെ സമയം കളയാം എന്ന് മാത്രം. സ്ത്രീ പീഡകർക്കെതിരായി നിലപാട് എടുക്കുന്ന അല്ലെങ്കിൽ സ്ത്രീപക്ഷക്കാരൻ എന്ന് വിശ്വസിക്കുന്ന പലരും അവരവരുടെ ആൾക്കാർ സ്ത്രീകളെ ഉപദ്രവിക്കുന്നത് വരെ മാത്രമേ സ്ത്രീപക്ഷക്കാരായിരിക്കൂ പീഡകർക്ക് എതിരായി നിലനിൽക്കു. സ്വന്തക്കാർ പ്രതികളായി വന്നാൽ പിന്നെ പിന്തുണയായി പിന്നാലെ നടപ്പായി.ഏറ്റവും കോഞ്ഞാട്ട ന്യായമാണ് അവർ പറയുക.
‘ഞാനൊരു സ്ത്രീപക്ഷ വാദിയാണ് സ്ത്രീകൾക്ക് ഒപ്പം നിൽക്കുന്നു എന്നാൽ ഈ കേസിൽ ഇരയാക്കപ്പെട്ട സ്ത്രീ ഒരു വെടി ആണ്. അവൾ മനപ്പൂർവ്വം അവനെ ഇരയാക്കിയതാണ്.അവൻ എത്ര നല്ലവനാണ് എന്ന് അറിയുമോ? അവൾ മറ്റേ തരക്കാരിയാണ്. അവൾ ഡാഷാണ്. പൈസയ്ക്ക് വേണ്ടിയാണ്....’
ദളിത് പക്ഷവും സ്ത്രീപക്ഷവും പ്രസംഗിച്ച് നടത്തുന്ന ശാസ്ത്രികളും അറക്കംമാരും എല്ലാ സ്ത്രീ പീഡകരെയും പിന്തുണച്ച ന്യായീകരിച്ച് കവിത എഴുതുന്ന സ്ത്രീകളും വല്ലാത്ത കോമഡി ലോകമാണ് കേരളത്തിൽ സൃഷ്ടിക്കുന്നത്.
വർഷങ്ങൾക്കു മുമ്പ് കൺസെന്റിനെ കുറിച്ച് അത്യധികം ബോധവാനായ ഒരാൾ ഒരു സിനിമ സംവിധായകൻ കുഞ്ഞാലിക്കുട്ടി വിഷയത്തെക്കുറിച്ച് മറ്റോ സംസാരിച്ചുകൊണ്ട് ഇരുന്നപ്പോൾ അയാൾക്ക് വേണമെങ്കിൽ സിനിമയിലേക്ക് വരാമെന്നും അവിടെ കൺസെന്റ് ഉണ്ട് എങ്കിൽ എന്തും നടക്കും എന്നും ഇത്തരത്തിലുള്ള ഒരു പ്രശ്നവുമില്ല എന്നും പറഞ്ഞത് ഓർക്കുന്നു. അയാൾ തന്നെ സ്ത്രീ സംവിധായകയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽപ്പെട്ട വാർത്ത കേട്ടപ്പോൾ കൺസെന്റ് എന്ന പദം തലയിലൂടെ ഓടി.
മറ്റൊന്ന് ചിത്രലോകത്ത് വാർത്തകളാണ് ഫോർട്ട് കൊച്ചിയിൽ ഇരുപതുകളിലുള്ള ഒരു പെൺകുട്ടി തന്റെ മേലധികാരിയും പ്രശസ്തനുമായ ആക്രമിച്ചതിനെ കുറിച്ച് പരാതിപ്പെടുകയും ബിനാലെ ഫൗണ്ടേഷൻ അയാളെ പിടിച്ച് പുറത്താക്കുകയും ചെയ്തതിനെ കുറിച്ചുള്ള ഗൗരവമേറിയ വിഷയങ്ങളാണ്. താൻ അപ്രകാരത്തിൽ ഒരു കുറ്റകൃത്യം ചെയ്തിട്ടേയില്ല എന്നും തനിക്കെതിരെ കേസുകൾ ഒന്നുമില്ല എന്നും ചിത്രകാരൻ പറയുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അയാളുടെ തന്നെ ഇമെയിൽ താൻ കുറ്റം ചെയ്തു എന്നും താൻ അതിൽ മാപ്പു പറയുന്നു എന്നുമുള്ള അഡ്മിഷൻ കാണാം. എന്നാലും കൊച്ചിയുടെ കൾച്ചറൽ ക്യുറേറ്റർ ആക്കുവാൻ അധികാരികൾക്ക് ഒരു ലജ്ജയും ഇല്ല.
ഒരിക്കൽ ഒരു പത്ര സുഹൃത്ത് വളരെയധികം ദുഃഖത്തോടെ തന്റെ ഭാര്യ സഹോദരീ, ഒരു ഹിന്ദു യുവാവുമായി പ്രേമത്തിൽ ആയി എന്നും അതിൽനിന്നും അവളെ ഒന്നു കരയറുവാൻ വേണ്ടി ഒരു സപ്പോർട്ട് നൽകാനും കൗൺസിലിങ്ങിനും വേണ്ടി കോഴിക്കോട്ടുള്ള ഒരു പ്രശസ്ത കൗൺസിലിംഗ് സെന്ററിൽ കൊണ്ടുപോയി എന്നും കൗൺസിലറായ എഴുത്തുകാരൻ ആശ്വസിപ്പിച്ചു കെട്ടിപ്പിടിച്ച് കുട്ടി കൂടുതൽ ഡിപ്രഷനിലേക്ക് പോയതുമായ വിവരം അറിയിച്ചു. വർഷങ്ങളോളം കോളേജിൽ പഠിക്കുന്ന കുട്ടികളെ മാനിപ്പുലേറ്റഡ് കൺസെന്റ് ഉപയോഗിച്ച് തന്റെ ലൈംഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിൽ കുപ്രസിദ്ധി നേടിയ അയാളെപ്പറ്റി ആരും തന്നെ പറയാത്ത സാക്ഷ്യം.
സ്വന്തം കണ്ണാൽ കണ്ടതിനാൽ എനിക്ക് വ്യക്തമായി അറിയാമായിരുന്നു. തമാശ എന്താണെന്ന് വെച്ചാൽ ലൈംഗിക കുറ്റവാളികളെ വെറുതെ ജയിലിൽ അടയ്ക്കുന്നതാണ് എന്ന് കാണിക്കുന്ന പ്രൊപ്പഗേണ്ട കഥകൾ എഴുതി മുഖ്യധാര മാധ്യമങ്ങളിൽ ടിയാൻ പ്രസിദ്ധീകരിച്ചത് വായിച്ചപ്പോൾ മുഖത്ത് കൈവച്ച് നിന്നു.ഈ കഥയുടെ ഫോട്ടോയെടുത്ത് പത്രക്കാരൻ സുഹൃത്തിനെ അയച്ചു കൊടുത്തപ്പോൾ കാമകോഴി എന്നോ മറ്റോ ചീത്തവിളിച്ചു. തൻറെ അമ്മായി അച്ഛനും സിസ്റ്ററിലോയും പരാതിപ്പെടാൻ തയ്യാറാകുന്നില്ല എന്നതോർത്ത് അയാൾക്ക് ഏറെ ഖേദം ഉണ്ടായിരുന്നു.
പെൺകുട്ടികളുടെ മുലയ്ക്ക് കയറി പിടിക്കുകയും അവരെ സ്ളട്ട് ഷെയിം ചെയ്യുകയും ചെയ്യുന്ന വയനാട്ടിലെ ദുഃഖിതനായ എഴുത്തുകാരനും ഏതാണ്ട് ഇതേ പ്രമേയത്തിൽ ഒരു കഥ എഴുതിയിരുന്നു ലൈംഗിക പീഡകർ യഥാർത്ഥ പീഡകൾ അല്ല എന്നും പെൺകുട്ടികൾ വെറുതെ അവരെ കുടുക്കാൻ വേണ്ടി പറയുന്നതാണ് എന്നുമാണ് കഥയുടെ കാതൽ.
ഉമ്മോണിംഗ് കാരും മീൻ കറി വെച്ചുകൊടുത്തു പീഡിപ്പിക്കാൻ ശ്രമിക്കുന്നവരും തനിക്ക് സോറിയാസിസ് ആണെന്നും തന്നെ ഭാര്യ ഉപേക്ഷിക്കാൻ പോകുന്നു എന്നു പറഞ്ഞു പെൺകുട്ടികളെ ഉപയോഗിക്കുന്നവരും റീലുകൾ ഇട്ടു രസിക്കുന്നതിന്റെ കൂടെ പെൺകുട്ടികളെ ഉപയോഗിച്ച് അത് വീഡിയോ ആക്കി വെച്ച് അതുവച്ച് ഭീഷണിപ്പെടുത്തുന്ന റീലോളികളും പ്രവാസി പ്രസാധകനും ഈ ലിസ്റ്റ് ഒരിക്കലും അവസാനിക്കുന്നില്ല.
ഒരു പെട്ടെന്നുള്ള വികാരവിക്ഷോഭത്താൽ ചെയ്തു പോകുന്നതല്ല പോയതുമല്ല ഇവരൊന്നും ചെയ്ത കുറ്റകൃത്യങ്ങൾ ( ഇങ്ങനെ ചെയ്യുന്നത് നീതികരിക്കാം എന്നല്ല) തങ്ങളുടെ കൈയിലുള്ള അധികാരത്തെ കൃത്യമായി ഉപയോഗിച്ച് കൃത്യമായി ചൂണ്ട നിർമ്മിച്ച സ്ത്രീകൾക്ക് പെൺകുട്ടികൾക്ക് പ്രലോഭനങ്ങൾ നൽകി യും ഭീഷണിപ്പെടുത്തിയും ദുർബല നിമിഷങ്ങൾ സൃഷ്ടിച്ചുമെല്ലാം ഇവറ്റകൾ മനപ്പൂർവ്വം ഉണ്ടാക്കുന്നതാണ്.
ഡിസി ബുക്സ് ആണ് ഈ വിഷയത്തിൽ വളരെ കൃത്യമായ നിലപാട് ആദ്യം മുതൽ തന്നെ എടുത്തിട്ടുള്ളത് കെ എൽ എഫിൽ ഇത്തരം ആളുകളെ വളരെ പ്രയാസപ്പെട്ടാണ് രവി ഡിസി ഒഴിവാക്കിയിട്ടുള്ളത്.
മാതൃഭൂമി കഫെസ്റ്റിലും മനോരമയുടെ ഹോർത്തൂസും സ്ത്രീകൾക്ക് വേണ്ടി പീഡകരെ ഒഴിവാക്കുന്നുണ്ട്. കേരള സാഹിത്യ അക്കാദമി എല്ലാ പീഡകരെയും കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും അവർക്ക് വേണ്ടി കൊടുക്കുകയും ചെയ്യും.
കവിത വായിക്കാൻ ഇടം കിട്ടിയാൽ ഏത് ലൈംഗിക പീഡനൊപ്പം പോകും എന്ന ഏറ്റവും ദയനീയമായ ഒരു സമകാലിക സാഹിത്യ അവസ്ഥ കാണുമ്പോഴാണ് ക്രാ തുഫ് എന്ന് വായിൽ അറപ്പും വെറുപ്പും പുച്ഛവും വരുന്നത്.
എല്ലാ ലൈംഗിക കേസുകളിലും ഒടുവിൽ ഇരകളോട് ക്ഷമിക്കാൻ പറയുന്നവരാണ് ബഹുഭൂരിപക്ഷവും നിൻറെ നന്മയ്ക്ക് വേണ്ടിയാണ് പറയുന്നത് എന്നുകൂടി സമാധാനിപ്പിക്കുന്നത് കേൾക്കുമ്പോൾ തൃപ്തിയായി എന്നെ പറയാനുള്ളൂ.
മലയാള സിനിമ ഭരിച്ചിരുന്ന ഒരു ചേട്ടൻ ഇന്ന് ഒരു സിനിമ പോലും രക്ഷപ്പെടാത്ത രീതിയിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് കാണുമ്പോൾ കാലത്തിനൊരു കാവ്യനീതി ഉണ്ട് എന്ന് തോന്നും. എന്നാൽ ലൈംഗിക പീഡകന്റെ കല്യാണം ഉയർന്ന രാഷ്ട്രീയ നേതാക്കൾ പ്രഖ്യാപിക്കുകയും നടത്തുകയും ഒക്കെ ചെയ്യുന്നത് കാണുമ്പോൾ ഞാനും നിങ്ങളും എല്ലാം ഒരേ രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നത് എന്ന് പറയാൻ തന്നെ സങ്കടമാവും.
എന്തായാലും ഈ വർഷത്തെ ഇലക്ഷനിൽ ഒരു ലൈംഗിക പീഡകൾ മത്സരിക്കുന്നുണ്ട് എന്ന വാർത്ത നമ്മുടെ കേരളത്തെ കുറിച്ചുള്ള പ്രത്യാശ വർദ്ധിപ്പിക്കുന്നു. ഗർഭം കലക്കി ചേട്ടായിക്ക് സീറ്റ് കൊടുത്തില്ലെങ്കിലും ബലാൽസംഘക്കാരന് നമ്മൾ കൊടുക്കും. അല്ല പിന്നെ.
ഇങ്ങനെയൊക്കെ ഉറക്കെ എഴുതുന്നത് കൊണ്ടും വിളിച്ചു പറയുന്ന പലയിടങ്ങളിൽ നിന്നും മാറ്റി നിർത്തുന്നത് എന്ന് തുറന്നുപറഞ്ഞ് പല സുഹൃത്തുക്കളുണ്ട്. നീ എന്തിനാണ് ഇതിലൊക്കെ തലയിടുന്നത് എന്ന് ആകുലപ്പെടുന്ന ബന്ധുക്കൾ ഉണ്ട്. എന്തായാലും എങ്ങനെയായാലും എന്ത് നഷ്ടമായാലും ശരി സ്ത്രീകൾക്കൊപ്പം കുട്ടികൾക്കൊപ്പം നിൽക്കുവാനെ കഴിയു
ഇവറ്റകളിൽ നിന്നും രക്ഷപ്പെടണമെങ്കിൽ തലവഴി മുണ്ടിട്ട് മൂടി പറ്റിയാൽ പർദ്ദയുമിട്ട് രക്ഷപ്പെട്ടു കൊള്ളുക...’’ എന്നാണ് ഇന്ദുമേനോന്‍ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ പോസ്റ്റിന് പിന്തുണ കുറിച്ച് കമന്റുകള്‍ ഇട്ടിരിക്കുന്നത്. മറ്റു ചിലരാകട്ടെ പ്രതികൂല കമന്റുകളും കുറിക്കുന്നുണ്ട്.






