
ഡ്രൈവിംഗിനിടയിലും മീറ്റിംഗുകളില്‍ പങ്കെടുക്കാന്‍ കഴിയുന്ന സംവിധാനം അവതരിപ്പിച്ചിരിയ്ക്കുകയാണ് ഗൂഗിള്‍. ഗൂഗിളിന്റെ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമായ Google Meet ഇനി Apple CarPlay-ല്‍ ലഭ്യമാകുമെന്ന പുതിയ അപ്‌ഡേറ്റാണ് ശ്രദ്ധേയമാകുന്നത്. നിങ്ങളുടെ കാര്‍ ഒരു ഗതാഗത മാര്‍ഗ്ഗം എന്നതിലുപരി, ഒരു മൊബൈല്‍ ഓഫീസ് കൂടിയായി മാറുകയാണ്. ഈ സാങ്കേതിക പുരോഗതി തീര്‍ച്ചയായും പ്രൊഫഷണല്‍ ജീവിതം എളുപ്പമാക്കും.
ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ഈ പുതിയ Google Meet ഫീച്ചര്‍ ലഭ്യമാകും. CarPlay പിന്തുണയ്ക്കുന്ന ഒരു കാറിലേക്ക് നിങ്ങളുടെ iPhone കണക്റ്റ് ചെയ്യുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഈ പുതിയ സംവിധാനത്തിലൂടെ, ഉപയോക്താക്കള്‍ക്ക് അവരുടെ കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ നിന്നു തന്നെ മീറ്റിംഗുകള്‍ ജോയിന്‍ ചെയ്യാന്‍ സാധിക്കും. iPhone-ല്‍ നിന്നുള്ള കണക്ഷന്‍ വളരെ സ്മൂത്തായി കാര്‍ സ്‌ക്രീനിലേക്ക് മാറും. ഒരു ടാപ്പ് കൊണ്ട് മീറ്റിംഗില്‍ പ്രവേശിക്കാനും വരാനിരിക്കുന്ന മീറ്റിംഗുകളുടെ ഷെഡ്യൂള്‍ കാണാനും കഴിയുന്നതാണ് പ്രധാന സവിശേഷത.
എന്നാല്‍ സുരക്ഷയെ മുന്‍നിര്‍ത്തി ചില നിയന്ത്രണങ്ങളും ഉണ്ട്. CarPlay-യിലെ Google Meet ഉപയോഗിക്കുമ്പോള്‍ വീഡിയോ കോളുകള്‍ക്ക് അനുമതിയില്ല. ഓഡിയോ മാത്രം ഉപയോഗിച്ച് മീറ്റിംഗില്‍ പങ്കെടുക്കാനാണ് സാധിക്കുക. ഡ്രൈവിംഗിനിടെ ശ്രദ്ധ തെറ്റാതിരിക്കാനാണ് ഈ നിയന്ത്രണം. അതിനാല്‍ ക്യാമറ, സ്‌ക്രീന്‍ ഷെയറിംഗ്, ചാറ്റ് തുടങ്ങിയ ഫീച്ചറുകള്‍ ലഭ്യമല്ല.
ഉപയോക്താക്കള്‍ക്ക് കൈ ഉയര്‍ത്തല്‍, ചോദ്യോത്തരം, വോട്ടെടുപ്പ് തുടങ്ങിയ ഓപ്ഷനുകള്‍ ലഭിക്കില്ല. മാത്രമല്ല, പുതിയ മീറ്റിംഗ് സൃഷ്ടിക്കാനുള്ള ഓപ്ഷനും ഈ സേവനത്തില്‍ ലഭ്യമാകില്ല. ഇതിനു പുറമെ, നിങ്ങള്‍ ഹോസ്റ്റാണെങ്കില്‍, ആളുകളെ മീറ്റിംഗിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നതിനോ അവര്‍ ചേരുന്നതില്‍ നിന്ന് തടയുന്നതിനോ ഉള്ള ഓപ്ഷനും സ്‌ക്രീനില്‍ ദൃശ്യമാകില്ല. ആന്‍ഡ്രോയിഡ് ഓട്ടോയിലേക്ക് ഈ സേവനം ഉടന്‍ കൊണ്ടുവരാന്‍ ഗൂഗിള്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയുമുണ്ട്. എന്നിരുന്നാലും, കമ്പനി ഇതുവരെ അതിന്റെ ടൈംലൈന്‍ വ്യക്തമാക്കിയിട്ടില്ല.






