
പാലക്കാട്: ബി ജെ പി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പുതിയ തെളിവുകൾ പുറത്ത്. പൈസ നൽകിയ സ്ത്രീ ശോഭക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കോൺഗ്രസാണ് പുറത്തുവിട്ടത്. പാലക്കാട് ബി ജെ പി ജില്ല കമ്മിറ്റി ഓഫീസിൽ ശോഭക്കൊപ്പം ഈ സ്ത്രീ നിൽക്കുന്ന ഫോട്ടോയാണ് പുറത്തു വിട്ടത്. കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ എത്തിയപ്പോഴാണ് സ്ത്രീ പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. വയോധികക്ക് പണം കൈമാറിയ സ്ത്രീയെ അറിയില്ലെന്നടക്കമുള്ള എൻ ഡി എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്‍റെ വാദങ്ങൾ പൊളിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.
നേരത്തെ തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പഞ്ചായത്തിൽ എത്തിയത് കാൻസർ രോഗിയെ കാണാനാണെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ വാദം. പണം കൈമാറിയെന്ന് ആരോപണം നേരിടുന്ന യുവതിയെ തനിക്ക് അറിയില്ലെന്ന വാദമാണ് ശോഭ ഉയർത്തിയത്. വോട്ട് ചോദിക്കുന്നത് രാഷ്ട്രീയവും വികസനവും പറഞ്ഞ് മാത്രമായിരിക്കുമെന്നും സത്യം തെളിയിച്ച ശേഷം മാത്രമേ ഇതിൽ നിന്ന് പിന്മാറൂ എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ പുതിയ തെളിവുകൾ ശോഭയുടെ വാദങ്ങൾ പൊളിക്കുകയാണ്.
സ്ഥാനാര്‍ത്ഥിക്ക് ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകയോട് ഇത് ശരിയല്ലെന്നും പണം നല്‍കി വോട്ട് ചോദിക്കരുതെന്നും പറഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. അവര്‍ അത് ശരിവെച്ച് കാറില്‍ കയറി. ഈ സമയം ശോഭാ സുരേന്ദ്രന്‍ കാറില്‍ ഉണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ ശോഭ എതിര്‍ത്തതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കോണ്‍ഗ്രസ് പകര്‍ത്തിയ ദൃശ്യത്തില്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തേണ്ടതില്ലെന്ന് ശോഭ പറയുന്നത് കേള്‍ക്കാം. അടിച്ച് കരണക്കുറ്റി പൊട്ടിക്കുമെന്നും ശോഭ പറഞ്ഞു.






