
ഒരു ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഉപയോക്താവും മുംബൈയിലെ ഇറാന് കോണ്‍സുലേറ്റ് ജനറലും തമ്മില്‍ നടന്ന രസകരമായ സംഭാഷണമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വലിയ ശ്രദ്ധ നേടുന്നത്. അക്ഷയ് ആനന്ദ് എന്ന എക്സ് ഉപയോക്താവ് കോണ്‍സുലേറ്റിനെ ടാഗ് ചെയ്തുകൊണ്ട്, അവരുടെ സോഷ്യല്‍ മീഡിയ ടീമില്‍ ഇന്ത്യക്കാരെ നിയമിക്കാറുണ്ടോ എന്ന് ചോദിച്ചതോടെയാണ് ഈ സംഭവങ്ങളുടെ തുടക്കം. കോണ്‍സുലേറ്റിന്റെ സത്യസന്ധവും ഊഷ്മളവുമായ പ്രതികരണത്തെ നിരവധി പേര് പ്രശംസിച്ചു. ലളിതമായ ഈ ചോദ്യത്തിന് കോണ്‍സുലേറ്റ് നല്കിയ മറുപടി പെട്ടെന്ന് തന്നെ വൈറലായി മാറി.
'ഹായ്, ഞങ്ങള്‍ക്ക് തീര്‍ച്ചയായും താല്‍പ്പര്യമുണ്ട്, പക്ഷേ നിലവില്‍ ഒഴിവുകളൊന്നുമില്ല. ഞങ്ങളുടെ ഇപ്പോഴത്തെ ടീമിലുള്ളവര്‍ എല്ലാവരും ഇറാനികളാണ് (ഇന്ത്യയോട് പ്രത്യേക ഇഷ്ടമുള്ളവര്‍). എങ്കിലും എന്നെങ്കിലും ഞങ്ങളുടെ ഇന്ത്യന്‍ സുഹൃത്തുക്കളെ കൂടെ കൂട്ടുക എന്നത് മികച്ചൊരു ആശയമാണ്,' എന്ന് കോണ്‍സുലേറ്റിന്റെ ഔദ്യോഗിക ഹാന്‍ഡില്‍ മറുപടി നല്കി. ഡിജിറ്റല്‍ നയതന്ത്രത്തിലെ പുതുമയുള്ള ശൈലിയാണെന്ന് സൗഹൃദപരമായ ഈ മറുപടിയെക്കുറിച്ച് പലരും അഭിപ്രായപ്പെട്ടു.
ഇതിനു താഴെ പലരും തങ്ങളുടെ ഭാഷാ വൈദഗ്ധ്യം അറിയിച്ചുകൊണ്ട് ജോലിക്ക് താല്‍പ്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ഇറാന്റെ രാഷ്ട്രീയ നിലപാടുകളെ പരിഹസിച്ചും ചിലര്‍ രംഗത്തെത്തി. അടുത്ത കാലത്തായി ഇറാന് നയതന്ത്ര കാര്യാലയങ്ങളുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ അവയിലെ നര്‍മ്മബോധം കൊണ്ടും സന്ദേശങ്ങള്‍ കൊണ്ടും നിരന്തരം ശ്രദ്ധിക്കപ്പെടാറുണ്ട്. 'ഇറാനും ഇന്ത്യയും ആവശ്യഘട്ടങ്ങളില്‍ പരസ്പരം താങ്ങായി നില്ക്കുന്നു എന്നതിന്റെ സൂചനയാണിത്' എന്ന് ഒരു ഉപയോക്താവ് ഇതിനോട് പ്രതികരിച്ചു.






