
പട്ടം പറത്താന്‍ ഉപയോഗിക്കുന്ന ചൈനീസ് മാഞ്ച എന്ന നൂല്‍ എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി നൂല്‍ ഹെല്‍മറ്റില്‍ കുരുങ്ങിയ യാഷ് എന്ന യുവാവാണ് തന്റെ ഭയാനകമായ അനുഭവം പങ്കുവെച്ചത്. മനുഷ്യര്‍ക്കും പക്ഷികള്‍ക്കും ഒരുപോലെ ഭീഷണിയായതിനാല്‍ പലയിടങ്ങളിലും ഈ നൂല്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. തന്റെ ഹെല്‍മറ്റില്‍ നൂല്‍ കുരുങ്ങുന്നതും അത് ഹെല്‍മറ്റില്‍ ഏല്‍പ്പിച്ച ആഴത്തിലുള്ള പോറലുകളും യുവാവ് വീഡിയോയിലൂടെ കാണിച്ചുതരുന്നു.
നൈലോണ്‍ നൂലുകളില്‍ ഗ്ലാസ് പൊടി ചേര്‍ത്താണ് ചൈനീസ് മാഞ്ച നിര്‍മ്മിക്കുന്നത്, അതുകൊണ്ട് തന്നെ ഇതിന് ബ്ലേഡ് പോലെയുള്ള മൂര്‍ച്ചയുണ്ട്. 'ഞാന്‍ ഹെല്‍മറ്റ് ധരിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല, ഈ നൂല്‍ എന്റെ ഹെല്‍മറ്റ് പോലും മുറിച്ചു കളഞ്ഞു' എന്നാണ് യാഷ് വീഡിയോയില്‍ പറയുന്നത്. മുഖത്തോ കഴുത്തോ ആയിരുന്നു ഈ നൂല്‍ തട്ടിയിരുന്നതെങ്കില്‍ താടിയെല്ല് തകരുകയോ ജീവന്‍ തന്നെ നഷ്ടപ്പെടുകയോ ചെയ്‌തേനെ എന്ന് വീഡിയോ കണ്ട ആര്‍ക്കും മനസ്സിലാകും. നല്ലൊരു ഹെല്‍മറ്റിനായി പണം മുടക്കുന്നത് ജീവന്‍ രക്ഷിക്കാന്‍ അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ ചൈനീസ് മാഞ്ച പൂര്‍ണ്ണമായും നിരോധിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായി. ഗുണനിലവാരമുള്ള ഹെല്‍മറ്റുകള്‍ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിരവധിപ്പേര്‍ കമന്റുകള്‍ രേഖപ്പെടുത്തി. മുന്‍പ് പലതവണ ഇത്തരം നൂലുകള്‍ ബൈക്ക് യാത്രക്കാരുടെ കഴുത്തില്‍ കുരുങ്ങി മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ നിയമനടപടികള്‍ വേണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.






