
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചുമതലകള്‍ നിര്‍വ്വഹിച്ച 23,000 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വോട്ടവകാശം നിഷേധിച്ചെന്ന് ആരോപണം. ഇവര്‍ക്ക് പോസ്റ്റല്‍ ബാലറ്റില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ ഒരാഴ്ചത്തെ സമയം നല്‍കണമെന്ന് സര്‍വീസ് സംഘടനകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച ഹര്‍ജി ഇന്ന് കേരളാ ഹൈക്കോടതി പരിഗണിക്കുമെന്നാണ് സൂചനകള്‍.
തെരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വ്വഹിക്കുന്ന എല്ലാവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് നല്‍കുമെന്നും അവര്‍ക്ക് വോട്ടവകാശം നിര്‍വ്വഹിക്കാന്‍ അവസരം ഉണ്ടാകുമെന്നും നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കാല്‍ ലക്ഷം പേര്‍ക്കോളം അതിന് അവസരം കിട്ടിയില്ലെന്നും ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടായ വീഴ്ചകള്‍ ഉദ്യോഗസ്ഥരുടെ മുകളില്‍ കെട്ടി വെയ്ക്കാന്‍ ശ്രമം നടക്കുന്നു എന്നും സര്‍വീസ് സംഘടനകള്‍ ആക്ഷേപിക്കുന്നുണ്ട്. 10 ദിവസത്തേക്ക് പോസ്റ്റല്‍ ബാലറ്റ് ചെയ്യാന്‍ അവസരം നല്‍കണമെന്നും പറയുന്നു.
മാര്‍ച്ച് മാസത്തില്‍ തപാല്‍ വോട്ടിന് അപേക്ഷ നല്‍കിയവര്‍ക്ക് പോലും അവസരം ലഭിച്ചില്ലെന്നാണ് സര്‍വീസ് സംഘടനകള്‍ പറയുന്നത്. എത്ര പേര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കി എന്ന ഹൈക്കോടതിയുടെ ചോദ്യത്തിനും കമ്മീഷന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. സംഭവം ഇപ്പോള്‍ വലിയ വിഷയമായി എടുത്തിരിക്കുന്നത് സിപിഐഎം ആണ്. സര്‍വീസ് സംഘടനകളുടെ വോട്ടുകള്‍ സിപിഐഎമ്മിന് നിര്‍ണ്ണായകവുമാണ്. ജീവനക്കാര്‍ക്ക് വോട്ടവകാശം നിഷേധിച്ചത് അനുവദിക്കാന്‍ കഴിയില്ലെന്നാണ് സിപിഐഎം നേതാക്കളും വയക്തമാക്കുന്നത്.
സിപിഐഎം പറയുന്നത് 35,000 പേര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്നാണ്. ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും സിപിഐഎം പറയുന്നു. വരുന്ന ദിവസം തപാല്‍ േവാട്ടു ചെയ്യാന്‍ അവസരം നല്‍കണമെന്നാണ് സിപിഐഎം ആവശ്യപ്പെടുന്നത്. ഇന്ന് ഹൈക്കോടതിയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.






