
പാലക്കാട്: ജില്ലയിലെ തിരഞ്ഞെടുപ്പ് ആവേശത്തിനിടയില്‍ പാലക്കാട് ജില്ലയില്‍ വ്യാപക കള്ളവോട്ടെന്ന് ആരോപണം. മലമ്പുഴ, ഷൊര്‍ണൂര്‍, തരൂര്‍, ഒറ്റപ്പാലം എന്നീ മണ്ഡലങ്ങളിലായി എട്ട് കേന്ദ്രങ്ങളിലാണ് വോട്ടര്‍മാര്‍ ബൂത്തിലെത്തും മുന്‍പേ മറ്റാരോ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയത്. പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇവര്‍ക്ക് ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ അനുമതി നല്‍കി.
മലമ്പുഴ മണ്ഡലത്തിലെ പുതുപ്പരിയാരം എം.എം.യു.പി. സ്‌കൂളിലായിരുന്നു (ബൂത്ത് 60) ആദ്യ സംഭവം. 69 വയസ്സുകാരനായ വിജയന്‍ വോട്ടുചെയ്യാനെത്തിയപ്പോള്‍ തന്റെ വോട്ട് നേരത്തെ രേഖപ്പെടുത്തിയതായി അറിഞ്ഞു. ബി.ജെ.പി. ഏജന്റ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരും എന്‍.ഡി.എ. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറും ബൂത്തിലെത്തി പ്രതിഷേധിച്ചതോടെ ടെന്‍ഡര്‍ വോട്ട് അനുവദിച്ചു.
ഷൊര്‍ണൂര്‍ മണ്ഡലത്തിലെ പരുത്തിപ്ര സ്‌കൂളില്‍ (ബൂത്ത് 169) വോട്ടുചെയ്യാനെത്തിയ ബി. നിഖിലിന്റെ കന്നിവോട്ടാണ് മറ്റാരോ തട്ടിയെടുത്തത്. വോട്ടുചെയ്യാന്‍ ബൂത്തിലെത്തിയപ്പോഴാണ് വിവരം അറിയിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.
ഒറ്റപ്പാലം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ കള്ളവോട്ട് പരാതികള്‍ ഉയര്‍ന്നത്. മീറ്റ്‌ന സീനിയര്‍ ബേസിക് സ്‌കൂളില്‍ 168 ാം നമ്പര്‍ ബൂത്തില്‍ വോട്ടുള്ള സുലോചന , 169 ാം നമ്പര്‍ ബൂത്തിലെ ഉണ്ണിക്കൃഷ്ണന്‍, ഈസ്റ്റ് ഒറ്റപ്പാലം പടിഞ്ഞാര്‍ക്കര സ്‌കൂളിലെ 163 ാം നമ്പര്‍ ബൂത്തിലെ മുസ്തഫ, 98 ാം നമ്പര്‍ ബൂത്തില്‍ അമ്പലപ്പാറ സ്‌കൂളില്‍ വോട്ടുചെയ്യാനെത്തിയ പ്രഭാകരണ്‍ എന്നിവര്‍ക്കും പ്രതിഷേധത്തെ തുടര്‍ന്ന് ടെന്‍ഡര്‍ വോട്ടു രേഖപ്പെടുത്തി. തരൂരില്‍ പരുത്തിപ്പുള്ളി എ.എല്‍.പി. സ്‌കൂളില്‍ കെ.എല്‍. ബേബിയുടെ വോട്ട് മറ്റാരോ ചെയ്തതായി കണ്ടെത്തി. സെക്ടര്‍ ഓഫീസര്‍ ഇടപെട്ടാണ് ഇവിടെ പരിഹാരമുണ്ടാക്കിയത്.
പറശ്ശേരി പി.ബി.യു.പി സ്‌കൂളില്‍ പ്രഭാവതി എന്ന വോട്ടറുടെ വോട്ട് മറ്റൊരാള്‍ രേഖപ്പെടുത്തി. ബി.ജെ.പി. സ്ഥാനാര്‍ഥി രേണു സുരേഷ് സ്ഥലത്തെത്തി റിട്ടേണിംഗ് ഓഫീസറുമായി സംസാരിച്ചതിന് ശേഷമാണ് പ്രഭാവതിക്ക് വോട്ട് ചെയ്യാന്‍ സാധിച്ചത്. ഒരാളുടെ വോട്ട് മറ്റാരെങ്കിലും നേരത്തെ ചെയ്തതായി ബോധ്യപ്പെട്ടാല്‍, കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്ന വോട്ടര്‍ക്ക് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ വരണാധികാരി അനുവദിക്കുന്ന രീതിയാണ് ടെന്‍ഡര്‍വോട്ട്.






