
ആലപ്പുഴയില്‍ പൊലീസിന്റെ മിന്നൽ പരിശോധനയിൽ 1.20 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ഝാര്‍ഖണ്ഡ് സ്വദേശിയായ ഹർഥൻ മാതോ (26) ആണ് ചന്തിരൂരിൽ അറസ്റ്റിലായത്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ ചന്തിരൂരിലെ ഒരു ആക്രിക്കടയ്ക്ക് സമീപം കഞ്ചാവുമായി യുവാവ് നിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഏഴുമാസമായി ചന്തിരൂരിലെ ചെമ്മീൻ സംസ്കരണ ശാലയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.
ജാർഖണ്ഡിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി സമീപ പ്രദേശങ്ങളിലെ സംസ്കരണ ശാലകളിലെ അതിഥി തൊഴിലാളികൾക്കും മറ്റും വിതരണം ചെയ്യുകയായിരുന്നു പ്രധാന രീതി. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുകൾക്കും റെയ്ഡുകൾക്കും സാധ്യതയുണ്ടെന്ന് ഇൻസ്പെക്ടർ വിപിൻദാസ് അറിയിച്ചു.






