
ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ഭരണപക്ഷമായ ഡിഎംകെയ്‌ക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചു കൊണ്ടാണ് ബിജെപി പത്രിക പുറത്തിറക്കിയത്. കെ അണ്ണാമലൈയും മറ്റ് മുതിർന്ന നേതാക്കളും പങ്കെടുത്ത ചടങ്ങിൽ കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ക്ഷേമ ആനുകൂല്യങ്ങൾ, ഭരണപരിഷ്‌കരണങ്ങൾ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ ഉള്ളത്. തമിഴ്‌നാട് പുതുവർഷത്തിൽ തന്നെ പ്രകടന പത്രിക പുറത്തിറക്കിയത് മനഃപൂർവമാണെന്നും അതിവിശിഷ്ടമായ ഈ ദിവസം സംസ്ഥാനത്തിന് പുതിയൊരു തുടക്കമാകട്ടെയെന്നും നദ്ദ പറഞ്ഞു.
സ്ത്രീകൾ, കർഷകർ, കുടുംബങ്ങൾ എന്നിവരെ ലക്ഷ്യമിട്ട് സബ്‌സിഡികൾ, ക്ഷേമ പദ്ധതികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ബിജെപി പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നത്. വീട്ടമ്മമാർക്ക് മാസം രണ്ടായിരം രൂപ, അതിനൊപ്പം ഓരോ കുടുംബത്തിനും ഒറ്റത്തവണ പതിനായിരം രൂപ സഹായം എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. എല്ലാവർഷവും പൊങ്കൽ, ദീപാവലി, തമിഴ്‌നാട് പുതുവത്സര ദിനങ്ങളിലായി സൗജന്യ എൽപിജി ഉറപ്പാക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. കർഷകർക്കായി ഉഴവ് തായ് സ്‌കീമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പിഎം കിസാൻ പദ്ധതിയിലൂടെയാണ് ഈ സ്കീമിനായി അധികമായി മൂവായിരം രൂപ കൂടി കൂട്ടിയിരിക്കുന്നത്. ഇതോടെ ഒരു വർഷം 9000രൂപയുടെ സഹായം ലഭിക്കും.
അതേസമയം തമിഴ്‌നാട്ടിലെ ജനങ്ങളെ ഡിഎംകെ ചതിക്കുകയായിരുന്നുവെന്ന് ജെ പി നദ്ദ കുറ്റപ്പെടുത്തി. വനിതകൾ, യുവാക്കൾ, കർഷകർ എന്നിവരെ പരിഗണിക്കുന്നതിൽ കുടുംബാധിപത്യം നിലനിൽക്കുന്ന ഡിഎംകെ പരാജയപ്പെട്ടു. ഡിഎംകെയ്ക്ക് എതിരെ ഭരണവിരുദ്ധ വികാരം ജനങ്ങൾക്കിടയിൽ ഉണ്ട്. ജനങ്ങൾ തന്നെ ഡിഎംകെയുടെ അവിശുദ്ധ കൂട്ടുകെട്ടുകൾ പുറത്ത് കൊണ്ടുവരുമെന്നും നദ്ദ പറഞ്ഞു.






