
ചെറുതോണി: ഇടുക്കി, നാരകക്കാനത്ത് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കൂത്താട്ടുകുളം മണ്ണത്തൂര്‍ കാക്കാനിക്കല്‍ സാറാമ്മ (65), ചെമ്മഞ്ചിയില്‍ ജ്യോതിഷിന്റെ ആറുമാസം പ്രായമുള്ള കുഞ്ഞ് നിക്കു എന്നിവരാണ് മരിച്ചത്. മൂന്നുപേരെ ഗുരുതരാവസ്‌ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാരകക്കാനം സെന്റ് തോമസ് മൗണ്ടില്‍ വിനോദയാത്രയ്‌ക്കെത്തിയവരാണ് ഇന്നലെ വൈകിട്ട് ആറരയോടെ അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ജീപ്പ് 50 അടി താഴ്‌ചയിലേക്കു മറിയുകയായിരുന്നു. ഡബിള്‍ കട്ടിങ്ങില്‍ ചെമ്മഞ്ചിയില്‍ ജോണിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ വിവാഹശേഷം സെന്റ് തോമസ് മൗണ്ട് സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ ജീപ്പ് നിയന്ത്രണം നഷ്‌ടപ്പെട്ട് മറിയുകയായിരുന്നു.
കുട്ടികള്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. പ്രദേശവാസികളുടെ നേതൃത്വത്തില്‍ സ്വകാര്യവാഹനങ്ങളിലും മറ്റും പരുക്കേറ്റവരെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഗുരുതരപരുക്കേറ്റവരെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഡബിള്‍ കട്ടിംഗ്, കൂത്താട്ടുകുളം സ്വദേശികളായ ജോളി, സാലു, എല്‍ദോസ്, ജൂലിയറ്റ്, സാജന്‍, ജ്യോതിഷ്, ജോമല്‍, നിഹാര, ചിന്നു, എല്‍ദോസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.






