
മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ നിന്നും ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് റാം. ഷൂട്ടിങ് ആരംഭിച്ചുവെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയ ചിത്രമാണ് റാം. എന്തുകൊണ്ടാണ് റാം വൈകിപ്പോകുന്നതെന്ന് പറയുകയാണ് ജീത്തു ജോസഫ്. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് മനസ് തുറന്നത്.
'' റാം ഫിനാഷ്യല്‍ പ്രശ്‌നത്തില്‍ കിടക്കുകയാണ്. വളരെ സങ്കടമുളെളാരു കാര്യമാണത്. ഒത്തിരി എഫേര്‍ട്ട് എടുത്തതും ഒത്തിരി പൈസയും മുടക്കിയ പ്രൊജക്ട് ആണത്. നിര്‍മാതാക്കള്‍ തീരുമാനിക്കണം. യുകെ, മൊറോക്കോ, ഇന്ത്യയിലൊക്കെ ഷൂട്ട് ചെയ്തു. കുറച്ച് ഭാഗങ്ങള്‍ ടുണീഷ്യയില്‍ ഷൂട്ട് ചെയ്യാനുണ്ട്. അത് ഭയങ്കര സങ്കടമായി പോയി. റെസ്യൂം ചെയ്ത് അതുപോലെ മേക്ക് ചെയ്യാന്‍ പറ്റിയാല്‍ റെലവന്‍സിന്റെ പ്രശ്‌നമില്ല. ഹെവി ആയ ലാര്‍ജര്‍ ദാന്‍ ലൈഫ് ക്യാരക്ടറല്ല. ഒരാളുടെ യാത്രയും അയാളുടെ ഇമോഷന്‍സുമുളള സിനിമയാണ്''. ജീത്തു ജോസഫ് പറയുന്നു.
രസകരമായ ആക്ഷന്‍ രംഗങ്ങളുളള ചിത്രം കൂടിയാണത്. വേറൊരു മൂഡിലാണ് അത് പറയാന്‍ ഉദ്ദേശിക്കുന്നത്. ടു പാര്‍ട്ട് സിനിമയാണ് റാം. അത് ഒന്നിച്ചെടുത്തു പോയി. ഞാന്‍ പറഞ്ഞതാണ് നമുക്കാദ്യം ഫസ്റ്റ് ഫിനിഷ് ചെയ്യാമെന്ന്. യുകെയില്‍ തന്നെ ഫസ്റ്റും സെക്കന്‍ഡും ഉണ്ട്. അവിടെ പോയപ്പോള്‍ തന്നെ രണ്ടും ഷൂട്ട് ചെയ്തു. അത് കഴിഞ്ഞ് മൊറോക്കോയില്‍ പോയി ഇന്ത്യയില്‍ വന്നു. എല്ലാം കൂട്ടി വന്നപ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തി. 20-25 ദിവസമുണ്ടെങ്കില്‍ റാം ആദ്യഭാഗം പൂര്‍ത്തിയാകും. മറ്റൊരു 25 ദിവസമുണ്ടെങ്കില്‍ രണ്ടാം ഭാഗവും. ആകെ മൊത്തത്തില്‍ ഒരു 50 ദിവസത്തെ ഷൂട്ട് മാത്രമാണ് വേണ്ടിയിരുന്നത്' എന്നും ജീത്തു പറയുന്നു.
അതേസമയം മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം 3 റിലീസിന് തയ്യാറെടുക്കുകയാണ്. മെയ് 21 ന് ചിത്രം തിയേറ്ററുകളിലെത്തും.






