
തന്റെ പേരും ചിത്രവും ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ലോണ്‍ പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി നടന്‍ അജു വര്‍ഗീസ്. ഒരു പ്രമുഖ ബാങ്കിങ് സ്ഥാപനമെന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് നടന്റെ അനുവാദമില്ലാതെ അദ്ദേഹത്തെ ബ്രാന്‍ഡ് അംബാസഡറായി ചിത്രീകരിച്ച് പരസ്യം നല്‍കുന്നത്.
ഇത്തരമൊരു സ്ഥാപനവുമായോ അവരുടെ പദ്ധതികളുമായോ തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. അംഗീകാരമില്ലാത്ത ഇത്തരം സ്ഥാപനങ്ങളുടെ വാഗ്ദാനങ്ങളില്‍ ജനങ്ങള്‍ വീഴരുതെന്നും താരം അഭ്യര്‍ഥിച്ചു.
‘അംഗീകാരമില്ലാത്ത ഒരു ബാങ്കിങ് സ്ഥാപനം എന്റെ അനുവാദമില്ലാതെ എന്റെ പേരും ചിത്രവും അവരുടെ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പദ്ധതിയുമായി എനിക്ക് യാതൊരുവിധ ബന്ധവുമില്ല. ഇത്തരം വ്യാജ വാഗ്ദാനങ്ങളില്‍ വീഴരുതെന്നും നിങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം നഷ്ടപ്പെടുത്തരുതെന്നും അഭ്യര്‍ഥിക്കുന്നു’- അജു വര്‍ഗീസ് കുറിച്ചു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരം വ്യാജ നിക്ഷേപ പദ്ധതികളും ലോണ്‍ ആപ്പ് കെണികളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം. സെലിബ്രിറ്റികളുടെ വിശ്വാസ്യത കബളിപ്പിക്കാനുളള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ വിദഗ്ദരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.






