
പ്രായത്തെ വെറും അക്കങ്ങളാക്കി മാറ്റി ആകാശത്ത് വിസ്മയം തീര്‍ക്കുന്ന 73-കാരിയായ മുത്തശ്ശിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഇന്ത്യയിലെ പ്രശസ്ത പാരാഗ്ലൈഡിംഗ് കേന്ദ്രമായ ഹിമാചല്‍ പ്രദേശിലെ ബിര്‍ ബില്ലിംഗില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. അമിതമായ ആത്മവിശ്വാസ പ്രകടനങ്ങളോ അലറിവിളിയോ ഇല്ലാതെ, അതീവ ശാന്തതയോടെയാണ് ഇവര്‍ സാഹസിക റൈഡ് ആസ്വദിക്കുന്നത്. ഇന്‍സ്ട്രക്ടറായ അരുണ്‍ സിംഗ് പകര്‍ത്തിയ ഈ വീഡിയോയില്‍, താന്‍ മുന്‍പും ഇത്തരത്തിലുള്ള സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് മുത്തശ്ശി പുഞ്ചിരിയോടെ പങ്കുവെക്കുന്നുണ്ട്.
ഈ മുത്തശ്ശിയുടെ സ്വാഭാവികമായ ധൈര്യത്തിനും ജീവിതത്തോടുള്ള പോസിറ്റീവ് സമീപനത്തിനും വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. മുസോറിയില് വെച്ച് മുമ്പ് നടത്തിയ സാഹസിക യാത്രകളെക്കുറിച്ചും ഇവര്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. ജീവിതത്തിന്റെ സായന്തനത്തിലും പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനുള്ള ഇവരുടെ താല്‍പ്പര്യം വരുംതലമുറയ്ക്ക് വലിയൊരു പ്രചോദനമാണെന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെടുന്നത്.






