
ഇറാനിയൻ റവല്യൂഷണറി ഗാർഡ് ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പ് നടത്തിയതിനെത്തുടർന്ന് ഹോർമുസ് കടലിടുക്ക് മേഖലയിൽ ഇന്ത്യൻ നാവികസേന സുരക്ഷ ശക്തമാക്കി. പേർഷ്യൻ ഗൾഫിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് സേന കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇറാന്‍റെ തന്ത്രപ്രധാനമായ ലാറക് ഐലൻഡിന് സമീപത്തുനിന്ന് വിട്ടുനിൽക്കണമെന്നും നാവികസേനയുടെ നേരിട്ടുള്ള നിർദ്ദേശം ലഭിച്ചാൽ മാത്രം യാത്ര തുടർന്നാൽ മതിയെന്നുമാണ് പുതിയ അറിയിപ്പ്. നിലവിൽ ഹോർമുസ് കടലിടുക്ക് കടക്കാൻ കാത്തുനിൽക്കുന്ന എല്ലാ ഇന്ത്യൻ കപ്പലുകളുടെയും സുരക്ഷയ്ക്കാണ് സേന മുൻഗണന നൽകുന്നത്.
സംഘർഷഭരിതമായ ഈ സാഹചര്യത്തിലും പതിനൊന്ന് ഇന്ത്യൻ കപ്പലുകൾ ഇതിനോടകം സുരക്ഷിതമായി കടലിടുക്ക് മുറിച്ചുകടന്നു. ഏപ്രിൽ 18-ന് 'ദേശ് ഗരിമ' എന്ന ടാങ്കറാണ് അവസാനമായി മേഖല കടന്നത്. എന്നാൽ ഇതേ ദിവസം തന്നെ 'ജഗ് അർണവ്', 'സൻമാർ ഹെറാൾഡ്' എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ സേന വെടിവെപ്പ് നടത്തുകയും ഇവ തിരിച്ചയക്കാൻ നിർബന്ധിതരാവുകയും ചെയ്തിരുന്നു. നിലവിൽ അറബിക്കടലിലെത്തിയ 'ദേശ് ഗരിമ'യ്ക്ക് നാവികസേന അകമ്പടി സേവിക്കുന്നുണ്ട്. കപ്പൽ ഏപ്രിൽ 22ഓടെ മുംബൈയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.






