
മക്കള്‍ എത്ര വലിയ നിലയില്‍ എത്തിയാലും, സ്വന്തമായി വീടും ജീവിതവും കെട്ടിപ്പടുത്താലും അച്ഛനമ്മമാരുടെ കണ്ണില്‍ അവര്‍ എന്നും ആ കൊച്ചു കുട്ടികള്‍ തന്നെയായിരിക്കും. ജോലി സ്ഥലത്തുനിന്നോ ദൂരയാത്രകള് കഴിഞ്ഞോ മക്കള്‍ വീട്ടിലേക്ക് വരുമ്പോള്‍ ഏറെ ആവേശത്തോടെ അവര്‍ക്കിഷ്ടപ്പെട്ട വിഭവങ്ങള്‍ ഒരുക്കി കാത്തിരിക്കുന്ന മാതാപിതാക്കളുടെ സ്നേഹത്തിന് പകരം വെക്കാന്‍ ഈ ലോകത്ത് മറ്റൊന്നുമില്ല. അത്തരത്തില്‍ അച്ഛന്റെയും മകളുടെയും ആഴത്തിലുള്ള സ്നേഹബന്ധം വെളിപ്പെടുത്തുന്ന മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ജ്യോത്സന യാദവ് എന്ന യുവതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളുടെ മനം കവര്‍ന്നു കഴിഞ്ഞു. രാത്രി വൈകി ഒരു മണിക്ക് ട്രെയിനില്‍ വന്നിറങ്ങുന്ന ജ്യോത്സനയെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്ക്കുന്ന അച്ഛന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 'പ്രായമെത്രയായി എന്നതിലല്ല കാര്യം, താന്‍ ഇപ്പോഴും അച്ഛന്റെ കുഞ്ഞുമോള്‍ തന്നെ' എന്ന കുറിപ്പോടെയാണ് താരം ഈ സ്നേഹനിമിഷം പങ്കുവെച്ചിരിക്കുന്നത്. ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ എത്തുമ്പോള്‍ വാതിലിനടുത്തേക്ക് ഓടിവരുന്ന അച്ഛനും, ചിരിയോടെ മകളുടെ ലഗേജ് വാങ്ങുന്നതുമെല്ലാം കാണുന്നവരുടെ കണ്ണുനിറയ്ക്കുന്ന കാഴ്ചയാണ്.
സോഷ്യല്‍ മീഡിയയില്‍ വളരെ വേഗം വൈറലായ ഈ വീഡിയോയ്ക്ക് താഴെ ഹൃദ്യമായ പ്രതികരണങ്ങളുമായാണ് ആളുകള്‍ എത്തുന്നത്. 'അതാണ് ഒരച്ഛന്റെ സ്നേഹം, താങ്കള്‍ ഭാഗ്യം ചെയ്ത മകളാണ്' എന്നാണ് മിക്കവരും കുറിക്കുന്നത്. മക്കള്‍ എത്രയൊക്കെ ഉയരങ്ങളില്‍ എത്തിയാലും അവരുടെ സുരക്ഷയിലും സന്തോഷത്തിലും അച്ഛനമ്മമാര്‍ക്കുള്ള ആ ഉത്കണ്ഠയ്ക്കും കരുതലിനും കാലമെത്ര കഴിഞ്ഞാലും മാറ്റമുണ്ടാകില്ലെന്ന് ഈ കൊച്ചു വീഡിയോ ഒരിക്കല്‍ കൂടി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.






