
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍രാജി(22)ന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. തലയിലെയും നെഞ്ചിലെയും ഗുരുതരപരുക്കുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആത്മഹത്യയെക്കുറിച്ചുള്ള സൂചനയോ കുറിപ്പോ ഇല്ല. നിതിന്‍രാജ് വീട്ടിലേക്ക് മടങ്ങാന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നെന്ന വിവരവും പുറത്തുവന്നു.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിയേറ്റ പാടുകളും അസ്ഥികള്‍ക്കു പൊട്ടലും കണ്ടെത്തി. നെഞ്ചത്തെ ഗുരുതരക്ഷതങ്ങളും രക്തക്കുഴലിലുണ്ടായ മുറിവും മരണകാരണമായെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അസ്വാഭാവികമരണത്തില്‍ കൊലപാതകസാധ്യതയടക്കം അന്വേഷിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് നിതിന്‍രാജിന്റെ സഹോദരീഭര്‍ത്താവ് പറഞ്ഞു.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് നിതിന്‍രാജ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കെ.കെ. സുരേഷ് ചെയര്‍മാനും സണ്ണി എം. കപിക്കാട് ജനറല്‍ കണ്‍വീനറുമായ ആക്ഷന്‍ കൗണ്‍സില്‍ 28-ന് സംസ്ഥാനഹര്‍ത്താല്‍ ആഹ്വാനം ചെയ്തു.






