
ബാഗഹ: ബീഹാറിലെ ഒരു ആശുപത്രിയിൽ അപകടത്തിൽ പരുക്കേറ്റവർക്ക് തുന്നലിടുന്നത് ഡോക്ടർമാരോ പരിശീലനം സിദ്ധിച്ച നഴ്സുമാരോ അല്ല സെക്യൂരിറ്റി ഗാർഡ് ആണ്. അവശ്യ സന്ദർഭത്തിൽ സെക്യൂരിറ്റി ഗാർഡ് ഡോക്ടറുടെ അല്ലെങ്കിൽ നഴ്സുമാരുടെ സേവനം നൽകുന്നു!
കഴിഞ്ഞ ദിവസം പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ ബാഗഹയിൽ ആണ് ‘മുന്നാ ഭായ് എംബിബിഎസ്’ എന്ന ബോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങൾ നടന്നത്. സിനിമയിൽ മുംബൈയിലെ ഒരു റൗഡി ഡോക്ടറാണെന്ന് പിതാവിനെ തെറ്റിദ്ധരിപ്പിക്കുന്നതും പിന്നീട് കുതന്ത്രങ്ങളിലൂടെ മെഡിക്കൽ ഡിഗ്രി സമ്പാദിക്കുന്നതും അതെ തുടർന്നുള്ള രസകരങ്ങളായ സംഭവങ്ങളുമാണ് വിശദീകരിക്കുന്നത്. ഇവിടെയാകട്ടെ, ഒരു ടെമ്പോയും പിക്ക് അപ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ബാഗഹ സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേർക്ക് സെക്യൂരിറ്റി ഗാർഡ് ആണ് ആതുരസേവനം നൽകിയത്!
സംഭവം നടക്കുമ്പോൾ ആശുപത്രിയിൽ ഡോക്ടർമാർ ഉണ്ടായിരുന്നു എന്നും അവർ തികഞ്ഞ അവഗണനയാണ് കാണിച്ചതെന്നും പിക്ക് അപ് വാൻ ഡ്രൈവർ വാസിം അക്തർ പറയുന്നു. പരിശീലനം സിദ്ധിച്ച ആരും രോഗികളെ ശ്രദ്ധിക്കാതെ വന്നതിനെ തുടർന്നാണ് സെക്യൂരിറ്റി ഗാർഡ് ഉത്തരവാദിത്വം ഏറ്റെടുത്തത്.
എന്തായാലും സെക്യൂരിറ്റി ഗാർഡ് മുറിവ് തുന്നിക്കെട്ടുന്ന ദൃശ്യങ്ങൾ വൈറലായതോടെ ആശുപത്രിയധികൃതർക്ക് ഇതെക്കുറിച്ചുള്ള വിശദീകരണം നൽകേണ്ടിവന്നു. ഡെപ്യൂട്ടി സൂപ്രണ്ട് മാധ്യമസമ്മേളനം നടത്തി ആശുപത്രിയുടെ ശോച്യാവസ്ഥയെക്കുറിച്ചും തിയറ്റർ അസിസ്റ്റന്റ്, നഴ്സിംഗ് സ്റ്റാഫ് എന്നിവരുടെ ഒഴിവ് നികത്താത്തതിനെക്കുറിച്ചുമുള്ള ആശങ്കകൾ പങ്കുവച്ചു.






