
തൃശൂർ മുണ്ടത്തിക്കോടിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചു. നിലവിൽ 13 മൃതദേഹ ഭാഗങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഏഴ് പേരുടെ മരണം മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണസംഖ്യയിൽ വ്യക്തത വരികയുള്ളൂവെന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു.
മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിളുകൾ ശേഖരിച്ചു വരികയാണ്. പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ നിന്നുള്ള വിദഗ്ധർ നാളെ സ്ഥലത്തെത്തും. സംഭവസ്ഥലത്തെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു, നാളെ പുലർച്ചെ വീണ്ടും തുടരും.
അപകടസമയത്ത് മുപ്പതിനും നാൽപ്പതിനുമിടയിൽ ആളുകൾ സ്ഥലത്തുണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇവിടുത്തെ അഞ്ച് ഷെഡ്ഡുകളിലായി നിരവധി പേർ ജോലി ചെയ്തിരുന്നു. എന്നാൽ വെടിപ്പുരയ്ക്ക് ഫയർ സേഫ്റ്റി ലൈസൻസ് ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് ആർഡിഒയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടക്കും.
പരിക്കേറ്റവർ തൃശൂർ മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ഐസിയുവിലുള്ള പത്തോളം പേരിൽ പലർക്കും 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ദാരുണമായ ഈ സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ദുരന്തബാധിതർക്കൊപ്പം രാജ്യം മുഴുവനുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.






