
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പിൽ പ്രവീൺ (45) ആണ് മരിച്ചത്. ശസ്ത്രക്രിയ്ക്ക് പിന്നാലെയാണ് മരണം സംഭവിച്ചത്. 90 ശതമാനം പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം 14ആയി. പ്രവീണിന്റെ മൃതദേഹം അല്പ സമയത്തിനകം മോർച്ചറിയിലേക്ക് മാറ്റും.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്. സുദര്‍ശനന്‍ (54), വാസുദേവന്‍ (54), സുവിന്‍ (39), എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പടക്ക നിര്‍മ്മാണ ശാലകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം. പാറമേക്കാവ് ദേവസ്വത്തിനായി വെടിക്കെട്ട് സാമഗ്രികള്‍ ഒരുക്കിയിരുന്ന പാലക്കാട്ടെ നിര്‍മ്മാണ കേന്ദ്രത്തിന് ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്‍കി. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിര്‍മ്മാണശാലയ്ക്ക് ചിറ്റൂര്‍ തഹസില്‍ദാര്‍ ആര്‍. രാമചന്ദ്രന്‍ നേരിട്ടെത്തി സ്റ്റോപ്പ് മെമ്മോ കൈമാറി. പാറമേക്കാവ് വിഭാഗത്തിന് ആവശ്യമായ വെടിക്കെട്ട് സാധനങ്ങള്‍ ഇവിടെയായിരുന്നു നിര്‍മ്മിച്ചിരുന്നത്.






