
വാഷിംഗ്ടൺ: ഇന്ത്യയെയും ചൈനയെയും ‘നരകതുല്യമായ രാജ്യങ്ങൾ’ എന്ന് വിശേഷിപ്പിക്കുന്ന വിദ്വേഷ പരാമർശം സാമൂഹിക മാധ്യമ പോസ്റ്റിലൂടെ പങ്കുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് വീണ്ടും വിവാദ നായകനാകുന്നു. ജനനത്തിലൂടെ ലഭിക്കുന്ന പൗരത്വത്തെ വിമർശിച്ചുകൊണ്ട് അമേരിക്കൻ റേഡിയോ അവതാരകൻ മൈക്കൽ സാവേജ് പുറത്തുവിട്ട കുറിപ്പ് ‘ട്രൂത്ത് സോഷ്യൽ’ പ്ളാറ്റ്ഫോമിൽ റീപോസ്റ്റ് ചെയ്യുകയായിരുന്നു.
അമേരിക്കൻ സുപ്രീം കോടതിയിൽ പൗരത്വവുമായി ബന്ധപ്പെട്ട് നടക്കുന്ന വാദങ്ങളോടുള്ള പ്രതികരണമായാണ് സാവേജ് ഇന്ത്യയെയും ചൈനയെയും നരകതുല്യങ്ങളായ രാജ്യങ്ങൾ എന്ന് വിശേഷിപ്പിച്ച് വിദ്വേഷ കുറിപ്പ് എഴുതിയത്. അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വയമേവ പൗരത്വം നൽകുന്നതിനെ അദ്ദേഹം എതിർത്തു. ഈ വിഷയം കോടതികൾക്ക് വിടാതെ ഒരു ദേശീയ ജനഹിതപരിശോധന നടത്തണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു.
ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കയിൽ വന്ന് പ്രസവിക്കുന്നുവെന്നും, നിലവിലെ നിയമം അവർക്ക് ഉടനടി പൗരത്വം നൽകുന്നുവെന്നും സാവേജ് കുറ്റപ്പെടുത്തുന്നു.
അമേരിക്കയിൽ ജനിക്കുന്ന ഒരു കുട്ടി പെട്ടെന്ന് തന്നെ പൗരനായി മാറുന്നു. പിന്നീട്, അവർ ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ അല്ലെങ്കിൽ ഭൂമിയിലെ മറ്റേതെങ്കിലും നരകതുല്യമായ രാജ്യത്ത് നിന്നോ തങ്ങളുടെ മുഴുവൻ കുടുംബത്തെയും ഇങ്ങോട്ട് കൊണ്ടുവരുന്നു. ഇന്ത്യൻ, ചൈനീസ് കുടിയേറ്റക്കാരെ ‘ലാപ്ടോപ്പുകളുമായി എത്തിയ ഗുണ്ടകൾ’ എന്നും അമേരിക്കൻ പതാകയെ അവഹേളിച്ചവരെന്നും കുറിപ്പിൽ വിശേഷിപ്പിക്കുന്നുണ്ട്.
നിലവിലെ സംവിധാനം ‘ബർത്ത് ടൂറിസ’ത്തിലൂടെയും ക്ഷേമപദ്ധതികളുടെ ദുരുപയോഗത്തിലൂടെയും ചൂഷണം ചെയ്യപ്പെടുകയാണെന്നും ആധുനിക കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ ഭരണഘടന കാലഹരണപ്പെട്ടതാണെന്നും സാവേജ് പറയുന്നുണ്ട്.
അമേരിക്കയല്ലാതെ ലോകത്ത് മറ്റൊരു രാജ്യവും ഇത്തരത്തിൽ ജനനത്തിലൂടെ പൗരത്വം നൽകുന്നില്ലെന്ന് സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് തെറ്റായി അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സാവേജിന്റെ ഈ വംശീയ പരാമർശങ്ങൾ പുറത്തുവന്നത്. യഥാർത്ഥത്തിൽ, ലോകത്തെ ഏതാണ്ട് മൂന്ന് ഡസനോളം രാജ്യങ്ങൾ തങ്ങളുടെ മണ്ണിൽ ജനിക്കുന്നവർക്ക് സ്വയമേവ പൗരത്വം നൽകുന്നുണ്ട്.






