
കൃഷ്ണനഗർ: പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപ്രതീക്ഷിതമായി വാഹനത്തിൽ നിന്ന് ഇറങ്ങി ഝാൽമുരി വാങ്ങിക്കഴിച്ചതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ഝാൽമുരി ചിലർക്ക് കനത്ത പ്രഹരമാണ് നൽകിയിരിക്കുന്നത്. താൻ കഴിച്ച ഝാൽമുരിയിലെ മുളകിന്റെ എരിവ് തൃണമൂൽ കോൺഗ്രസിനാണ് ഏറ്റതെന്ന് തോന്നുന്നു എന്നും മോദി പരിഹാസരൂപേണ പറഞ്ഞു.
മെയ് നാലിന് ബംഗാളും ബിജെപിയുടെ വിജയം ആഘോഷിക്കും. ഝാൽമുരിയും മധുരപലഹാരങ്ങളും നൽകി ആഘോഷിക്കും. ബിജെപി-എൻഡിഎ സഖ്യത്തിന്റെ വിജയക്കൊടി ജനങ്ങൾ ശക്തിയോടെ വീശണമെന്നും തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേ മോദി പറഞ്ഞു.
മോദിയുടെ ഝാൽമുരി അധ്യായം വെറും നാടകമാണെന്നും എല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നുമായിരുന്നു മമത ബാനർജി പറഞ്ഞത്. അവിടെ എങ്ങനെയാണ് ക്യാമറ വന്നത്? പ്രധാനമന്ത്രി പോക്കറ്റിൽ 10 രൂപ നോട്ട് കരുതിയത് വിശ്വസിക്കാൻ കഴിയുന്ന കാര്യമല്ല എന്നും മമത പറഞ്ഞു.
ഝാർഗ്രാമിലെ പ്രചാരണത്തിനു ശേഷമായിരുന്നു മോദി ഝാൽമുരിക്കായി കടയിലേക്ക് പോയതും അൽപ്പസമയം ചെലവഴിച്ചതും. എന്നാൽ, ഇതുമൂലം മമതയ്ക്ക് വേണ്ടി പ്രചാരണത്തിനെത്തിയ ഹേമന്ത് സോറനും ഭാര്യയ്ക്കും ഝാർഗ്രാമിലേക്ക് ഹെലികോപ്ടറിൽ വരാനുള്ള അനുമതി ലഭിച്ചില്ല. ഇത് ഒരു ആദിവാസി നേതാവിനെ അപമാനിക്കലാണെന്നു പോലും ടിഎംസി കുറ്റപ്പെടുത്തിയിരുന്നു.






