
റാഞ്ചി: 'ലേഡി ടാര്‍സന്‍' എന്നാണ് ജാര്‍ഖണ്ഡിലെ വനിതാ-പരിസ്ഥിതി പ്രവര്‍ത്തകയായ ജമുന ടുഡുവിനെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. വില്ലും അമ്പും വടികളും ആയുധമാക്കിയാണ് ജമുനയും ഒരു കൂട്ടം വനിതകളും തങ്ങളുടെ കാടു കയ്യേറാന്‍ വന്ന കാട്ടുകള്ളന്മാരെ തുരത്തി ഓടിച്ചതിന് ശേഷമാണ് ഈ പേര് വീണത്. ഈ ഭൗമദിനത്തില്‍, ജാര്‍ഖണ്ഡിലെ തന്റെ ഗ്രാമത്തിന് ചുറ്റുമുള്ള 50 ഹെക്ടര്‍ വനഭൂമി കയ്യേറാന്‍ എത്തിയ വനമാഫിയയെ തുരത്തിയ ജമുന ടുഡുവിന്റെയും ഒരു കൂട്ടം വനിതാ പ്രവര്‍ത്തകരുടെയും കഥ ശ്രദ്്ധ നേടിയിരിക്കുകയാണ്.
'ടിംബര്‍ മാഫിയ' എന്നറിയപ്പെടുന്ന മരക്കടത്തുകാര്‍ക്കെതിരായ ഒരു സ്ത്രീയുടെ പോരാട്ടമായിരുന്നു അത്. ജാര്‍ഖണ്ഡിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ജമുന ടുഡു, ഒരു കൂട്ടം സ്ത്രീകളെ സംഘടിപ്പിച്ചുകൊണ്ട് 50 ഹെക്ടര്‍ വനഭൂമി വീണ്ടെടുത്തു. വെറും വില്ലും അമ്പുമായി ഇറങ്ങിത്തിരിച്ച അവര്‍, അതിക്രമിച്ചു കയറുന്നവരെ നേരിട്ടത് മറ്റാര്‍ക്കും ഇല്ലാത്ത നിശ്ചയദാര്‍ഢ്യത്തോടെയാണ്.
ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ ജനിച്ച ജമുന, 1998-ല്‍ വിവാഹശേഷമാണ് ജാര്‍ഖണ്ഡിലെ കിഴക്കന്‍ സിംഗ്ഭും ജില്ലയിലുള്ള മുതുര്‍ഖാം ഗ്രാമത്തിലേക്ക് എത്തിയത്. വനങ്ങളാല്‍ ചുറ്റപ്പെട്ടതായിരുന്നു ആ പ്രദേശം. വിറക് ശേഖരിക്കാന്‍ പോയ ഒരു ദിവസം, വനങ്ങള്‍ എത്ര വേഗത്തിലാണ് അപ്രത്യക്ഷമാകുന്നതെന്ന് അവര്‍ ശ്രദ്ധിച്ചു. ആ നിമിഷമാണ് വനം സംരക്ഷിക്കുക എന്ന ദൗത്യം അവര്‍ ഏറ്റെടുത്തത്. കിഴക്കന്‍ സിംഗ്ഭും പരിസരപ്രദേശങ്ങള്‍ വേട്ടക്കാരുടെയും ടിംബര്‍ മാഫിയയുടെയും ഭീഷണിയിലായിരുന്നു.
1998-ല്‍ അഞ്ച് സ്ത്രീകള്‍ക്കൊപ്പം ചേര്‍ന്ന് അവര്‍ 'വന്‍ സുരക്ഷാ സമിതി' (ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ കമ്മിറ്റി) രൂപീകരിച്ചു. എന്നാല്‍ ഈ ദൗത്യം എളുപ്പമായിരുന്നില്ല. വിറകിനായി കാടിനെ ആശ്രയിച്ചിരുന്ന ഗ്രാമവാസികളെ ആദ്യം തന്റെ പക്ഷത്ത് എത്തിക്കുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. മരങ്ങള്‍ വെട്ടി നശിപ്പിക്കാതെ ചെറിയ കൊമ്പുകള്‍ മാത്രം ഉപയോഗിക്കാന്‍ അവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സംസ്ഥാന വനസംരക്ഷണ നിധിയില്‍ നിന്ന് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ലഭിച്ചു തുടങ്ങിയതോടെ ഗ്രാമവാസികളും ദൗത്യം അംഗീകരിച്ചു തുടങ്ങി. പിന്നീട് ഗ്രാമത്തിലെ മറ്റ് സ്ത്രീകളെയും കാട് സംരക്ഷിക്കാനായി അവര്‍ കൂടെക്കൂട്ടി.
മരക്കടത്തുകാരെ ഓടിക്കാന്‍ അവരില്‍ പലരും ലളിതമായ ആയുധങ്ങള്‍ കയ്യിലെടുത്തു. പലപ്പോഴും കാട്ടില്‍ വെച്ച് മാഫിയ സംഘങ്ങളുമായി ഏറ്റുമുട്ടി. അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുമായിരുന്നു. എന്നാല്‍ ജമുന അങ്ങനെയൊന്നും ഭയപ്പെടുന്നവളായിരുന്നില്ല. സ്വന്തം ഗ്രാമത്തിന്റെ പിന്തുണ ഉറപ്പാക്കിയ ശേഷം അവര്‍ സമീപ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്ത് ബോധവല്‍ക്കരണം നടത്തി. കാലക്രമേണ, 200 മുതല്‍ 300 വരെ വനസംരക്ഷണ സമിതികള്‍ രൂപീകരിക്കാന്‍ അവര്‍ സഹായിച്ചു. അംഗങ്ങള്‍ ഷിഫ്റ്റുകളായി തിരിഞ്ഞ് രാവും പകലും കാടിന് കാവല്‍ നിന്നു.
കൊലപാതകം ചെയ്യാന്‍ പോലും മടിക്കാത്ത ആളുകള്‍ക്കെതിരെയായിരുന്നു അവരുടെ പോരാട്ടം. അവര്‍ക്ക് വധഭീഷണികള്‍ ലഭിച്ചു, വീട് കൊള്ളയടിക്കപ്പെട്ടു, ഭര്‍ത്താവിന് മര്‍ദ്ദനമേറ്റു, ഒരു ആക്രമണത്തില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നു. എന്നാല്‍ തന്റെ ലക്ഷ്യത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ട് പോകാന്‍ ജമുന തയ്യാറായില്ല. അവരുടെ പരിശ്രമങ്ങള്‍ ഒടുവില്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടു. ജാര്‍ഖണ്ഡ് പോലീസും വനംവകുപ്പും അവരുടെ സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സമൂഹവും സര്‍ക്കാരും കൈകോര്‍ത്താല്‍ പരിസ്ഥിതിയെ എങ്ങനെ സംരക്ഷിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമായി അവരുടെ പ്രവര്‍ത്തനം മാറി.
ഇന്ന് ആ ഗ്രാമത്തിലെ ആചാരങ്ങളില്‍ പോലും അവരുടെ സ്വാധീനം കാണാം. ഗ്രാമത്തില്‍ ഒരു പെണ്‍കുട്ടി ജനിക്കുമ്പോള്‍ 18 മരങ്ങളും, വിവാഹസമയത്ത് 10 മരങ്ങളും അവര്‍ നട്ടുപിടിപ്പിക്കുന്നു. വനസംരക്ഷണത്തിനും പരിസ്ഥിതിക്കും വേണ്ടി നടത്തിയ അശ്രാന്ത പരിശ്രമങ്ങള്‍ മുന്‍നിര്‍ത്തി 2019-ല്‍ ഭാരതം അവര്‍ക്ക് പത്മശ്രീ നല്‍കി ആദരിച്ചു.






