
ബീഹാറിലെ ദര്‍ഭംഗ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിക്ക് മുകളില്‍ കയറിയ യുവാവ് ഹൈ വോള്‍ട്ടേജ് ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. തീവണ്ടിക്ക് മുകളില്‍ അജ്ഞാതനായ യുവാവ് ഇരിക്കുന്നത് കണ്ട റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നവര്‍ ഇയാളോട് താഴെയിറങ്ങാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും യുവാവ് വഴങ്ങിയില്ല. ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സ്റ്റേഷനിലുണ്ടായിരുന്നവര്‍ മൊബൈലില്‍ പകര്‍ത്തുകയും തുടര്‍ന്ന് അത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
താഴെ ഇറങ്ങാന്‍ ചുറ്റും കൂടിയ ജനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് അതെല്ലാം അവഗണിക്കുകയായിരുന്നു. എന്നാല്‍ ആളുകള്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയതോടെ ഇയാള്‍ ഇരുന്നിടത്ത് നിന്നും എഴുന്നേല്ക്കുകയും ഗുഡ്സ് ട്രെയിനിന്റെ കോച്ചുകള്‍ക്ക് മുകളിലൂടെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് കടക്കുകയും ചെയ്തു. ഇങ്ങനെ നടക്കുന്നതിനിടെ ഇയാള്‍ തന്റെ കൈ അപകടകരമായ രീതിയില്‍ ഉയര്‍ത്തി. ഇതോടെ ഓവര്‍ഹെഡ് ഇലക്ട്രിക് ലൈനില്‍ കൈ തട്ടുകയും ഉയര്‍ന്ന വോള്‍ട്ടേജ് പ്രവഹിക്കുകയുമായിരുന്നു. ഈ സമയം വലിയൊരു തീപ്പൊരിയും സ്ഫോടനം പോലെ ശബ്ദവും ഉയര്‍ന്നു. പിന്നാലെ ഉയര്‍ന്ന പുക അടങ്ങിയപ്പോള്‍ യുവാവ് അനക്കമില്ലാതെ ഗുഡ്സ് ട്രെയിനിന്റെ ബോഗിക്ക് മുകളില്‍ വീണ് കിടക്കുന്നതും കാണാം. ഈ സമയം സമീപത്ത് നിന്നവര്‍ നിലവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
അപകട സ്ഥലത്ത് വെച്ച് തന്നെ യുവാവ് മരണപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നോ എന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ദാരുണമായ ഈ സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധവും സങ്കടവും ഉയരുന്നുണ്ടെങ്കിലും ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റെയില്‍വേ ട്രാക്കുകളിലും ട്രെയിനുകള്‍ക്ക് മുകളിലും ഇത്തരം സാഹസങ്ങള്‍ കാട്ടുന്നത് എത്രത്തോളം അപകടകരമാണെന്ന് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നു.
📍 Laheriasarai, Darbhanga, Bihar: A man climbed onto a stationary freight train and touched a live overhead wire despite people shouting for him to come down.
He received a severe electric shock and caught fire on the spot, losing his life. pic.twitter.com/0EEnf1IdXw— Deadly Kalesh (@Deadlykalesh) April 23, 2026






