
കഠിനമായ ചൂടില്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാതെ കുട്ടികള്‍ മൊബൈല്‍ ഫോണിനും ടിവിക്കും മുന്നില്‍ സമയം കളയുന്ന സാഹചര്യത്തിലാണ് ഒരു കുടുംബം വ്യത്യസ്തമായ പ്രതിരോധ മാര്‍ഗവുമായി രംഗത്തെത്തിയത്. വീട്ടുപറമ്പില്‍ സ്വന്തമായി ഒരു താത്കാലിക കുളമൊരുക്കിയാണ് ഇവര്‍ മക്കളുടെ അവധിക്കാലം ആഘോഷമാക്കുന്നത്. കുട്ടികളെ വെയിലില്‍ നിന്നും ഡിജിറ്റല്‍ സ്ക്രീനുകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനൊപ്പം അവര്‍ക്ക് ശാരീരിക വിനോദത്തിനുള്ള അവസരം കൂടി നല്കുന്ന ഈ പരീക്ഷണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
മുതിര്‍ന്നവരും കുട്ടികളും ഒത്തുചേര്‍ന്നാണ് അതിവേഗം ഈ കുളം നിര്‍മ്മിച്ചത്. പറമ്പില്‍ ഒരു വലിയ കുഴിയെടുത്ത ശേഷം അതില്‍ ചാക്കുകളും പ്ലാസ്റ്റിക് ഷീറ്റുകളും നിരത്തി ടാര്പ്പോളിന് വിരിച്ചാണ് വെള്ളം നിറയ്ക്കുന്നത്. കുഴിയെടുക്കുന്നത് മുതല്‍ വെള്ളം നിറയ്ക്കുന്നത് വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ ആവേശത്തോടെ പങ്കുചേര്‍ന്നു. നിര്‍മ്മാണം പൂര്‍ത്തിയായതോടെ, പുറത്തിറങ്ങാന്‍ മടിച്ചിരുന്ന കുരുന്നുകള്‍ ഇപ്പോള്‍ കുളത്തില്‍ നീന്തിത്തുടിച്ചും കളിച്ചുരസിച്ചും തങ്ങളുടെ അവധിക്കാലം ആസ്വദിക്കുകയാണ്.
'മക്കളുടെ അവധിക്കാലം ഇനി രണ്ടു മാസത്തേക്ക് ആഘോഷമാണ്' എന്ന കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോയ്ക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്. കുട്ടികളെ പ്രകൃതിയോടും കുടുംബത്തോടും ചേര്‍ന്ന് സമയം ചെലവഴിക്കാന്‍ പ്രേരിപ്പിക്കുന്ന ഇത്തരം മാതൃകകള്‍ അനുകരണീയമാണെന്ന് പലരും അഭിപ്രായപ്പെട്ടു. വീഡിയോ വൈറലായതോടെ, തങ്ങളുടെ വീട്ടുമുറ്റത്തും സമാനമായ രീതിയില്‍ കുളമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് കാഴ്ചക്കാരായ മറ്റ് പല മാതാപിതാക്കളും.






