
കാമുകന്റെ ചതി തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ജന്മദിന കേക്ക് തീയിട്ടു നശിപ്പിക്കാന്‍ ബേക്കറി ഉടമയോട് ആവശ്യപ്പെട്ട് യുവതി. യുഎസിലെ ലൂസിയാനയിലാണ് സിനിമയെ വെല്ലുന്ന ഈ നാടകീയ സംഭവം നടന്നത്. കാമുകന്റെ ജന്മദിന പാര്‍ട്ടിക്ക് വേണ്ടി 600 ഡോളര്‍ (ഏകദേശം 57,000 രൂപ) ചിലവഴിച്ച്, 75 പേര്‍ക്ക് കഴിക്കാന്‍ പാകത്തിലാണ് യുവതി കൂറ്റന്‍ കേക്ക് ഓര്‍ഡര്‍ ചെയ്തിരുന്നത്. എന്നാല്‍ കേക്ക് ഡെലിവറി ചെയ്യേണ്ട അതേ ദിവസം തന്നെ കാമുകന്‍ തന്നെ വഞ്ചിക്കുകയാണെന്ന സത്യം യുവതി കൈയോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി റദ്ദാക്കിയ യുവതി, ഓര്‍ഡര്‍ ചെയ്ത കേക്ക് പൂര്‍ണ്ണമായും നശിപ്പിച്ചു കളയാന്‍ ബേക്കറിയോട് ആവശ്യപ്പെടുകയായിരുന്നു.
ലൂസിയാനയിലെ 'ദി സ്വീറ്റ് ഹസില്‍' ബേക്കറി ഉടമയായ ജൂലി ഫ്രാഡെല്ലയാണ് ഈ അപൂര്‍വ പ്രതികാരത്തിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ക്ലയന്റിന്റെ ആവശ്യപ്രകാരമാണ് താന്‍ കേക്കിന് തീയിട്ടതെന്ന് വ്യക്തമാക്കിയ ജൂലി, വീഡിയോയിലൂടെ കാമുകനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. 'ജൊനാഥന്‍, നിനക്ക് ജന്മദിനാശംസകള്‍. നിന്റെ പാര്‍ട്ടിക്ക് വേണ്ടി ഈ കേക്ക് ഉണ്ടാക്കാന്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഒരൊറ്റ കാര്യം... ചതിയന്മാരെ ഞങ്ങള്‍ക്ക് ഒട്ടും ഇഷ്ടമല്ല,' എന്ന് ജൂലി വീഡിയോയില്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെ കേക്കിലേക്ക് തീ പടരുന്നതും, ക്രീമും ഐസിംഗും തിളച്ചു മറിഞ്ഞ് കേക്ക് കരിഞ്ഞു പോകുന്നതും വീഡിയോയില്‍ കാണാം.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. ചതിച്ച കാമുകന് ഇതിലും മികച്ചൊരു മറുപടി നല്‍കാനില്ലെന്നാണ് വീഡിയോയ്ക്ക് താഴെ പലരും കുറിച്ചത്. ഒരു കേക്ക് പൂര്‍ണ്ണമായി കത്തിയമരുന്നത് ജീവിതത്തില്‍ ആദ്യമായാണ് കാണുന്നതെന്നും, ദൃശ്യങ്ങള്‍ കാണാന്‍ നല്ല രസമുണ്ടെന്നുമുള്ള രീതിയില്‍ കൗതുകകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.






