
വര്‍ക്കൗട്ടിനായി 60 മിനിറ്റ് വേണമെന്ന് നിര്‍ബന്ധമുണ്ടോ ? എന്നാല്‍ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഇതിന് സമയം കണ്ടെത്താന്‍ കഴിയുന്നില്ലേ ? വിഷമിക്കേണ്ട, ചെറിയ ചലനങ്ങളിലൂടെ തന്നെ നിങ്ങള്‍ക്ക് സജീവമായിരിക്കാന്‍ സാധിക്കും. അടുപ്പിച്ചുള്ള മീറ്റിംഗുകളോ ഡെഡ്ലൈനുകളോ കാരണം വ്യായാമം ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, ആ ചിന്ത മാറ്റേണ്ട സമയമായി. എത്ര തിരക്കുള്ള ദിവസങ്ങളിലും വ്യായാമത്തിനായി സമയം കണ്ടെത്താനാകും. അതിനായി ആദ്യം വേണ്ടത് മനോഭാവത്തിലെ മാറ്റമാണ്. വ്യായാമം എന്നത് ഒഴിവുസമയത്ത് ചെയ്യേണ്ട ഒന്നല്ല, മറിച്ച് മാറ്റിവെക്കാന്‍ പാടില്ലാത്ത ഒരു ശീലമായി കാണണം.
ഒരു നല്ല വര്‍ക്കൗട്ടിന് കുറഞ്ഞത് 60 മിനിറ്റ് വേണം എന്നചിന്താഗതി കാരണമാണ് പലരും തിരക്കിനിടയില്‍ വ്യായാമം പാടെ ഉപേക്ഷിക്കുന്നത്. പലപ്പോഴും ഈ സമയം കണ്ടെത്തുക എന്നത് വലിയൊരു തടസ്സമായി മാറുന്നു. ഇതിനെക്കുറിച്ച് വിദഗ്ധര്‍ പറയുന്നത് ഇങ്ങനെയാണ്: 'പകല്‍ മുഴുവന്‍ ആവര്‍ത്തിച്ചു ചെയ്യുന്ന കുറച്ചു മിനിറ്റുകളിലെ ചലനങ്ങള്‍ പോലും രക്തചംക്രമണം മെച്ചപ്പെടുത്താനും, ശാരീരിക വഴക്കം നിലനിര്‍ത്താനും, ഉപാപചയ പ്രവര്‍ത്തനങ്ങള്‍ (metabolism) സജീവമാക്കാനും സഹായിക്കും. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ നല്ലത് എന്തെങ്കിലും ചെയ്യുന്നത് തന്നെയാണ്.' ചുരുക്കത്തില്‍, വ്യായാമം എത്ര നേരം ചെയ്യുന്നു എന്നതിനേക്കാള്‍ എത്രത്തോളം സ്ഥിരതയോടെ ചെയ്യുന്നു എന്നതിലാണ് കാര്യം. ദീര്‍ഘനേരം വ്യായാമം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ചെറിയ ചലനങ്ങള്‍ ദിവസം മുഴുവന്‍ ചെയ്യുന്നത് ശീലമാക്കുക.
* ഹാബിറ്റ് സ്റ്റാക്കിംഗ് (Habit Stacking) - വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കാന്‍ സ്ഫൂര്‍ത്തി നിര്‍ദ്ദേശിക്കുന്ന ഒരു വിദ്യയാണ് ഹാബിറ്റ് സ്റ്റാക്കിംഗ്. അതായത്, നിങ്ങളുടെ നിലവിലുള്ള ഒരു ശീലത്തോടൊപ്പം പുതിയൊരു ശീലത്തെ കൂട്ടിചേര്‍ക്കുക.
ഉദാഹരണത്തിന്:
* ടിവി കാണുമ്പോള്‍ ലളിതമായ വ്യായാമങ്ങള്‍ ചെയ്യുക.
* പല്ല് തേച്ച ശേഷം അല്പം നടക്കുക.
* ഫോണ്‍ വിളിക്കുമ്പോള്‍ നടക്കുക.
ഇത്തരം ലളിതമായ കാര്യങ്ങള്‍ സ്ഥിരമായി ചെയ്യുന്നത് ദീര്‍ഘനേരം ഒരേയിടത്ത് ഇരിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, മുറിയില്‍ കയറുമ്പോള്‍ 10 പുഷ്-അപ്പുകള്‍ ചെയ്യുക, ഭക്ഷണത്തിന് ശേഷം നടക്കുക, ലിഫ്റ്റിന് പകരം പടികള്‍ ഉപയോഗിക്കുക തുടങ്ങിയവയും ശീലമാക്കാം.
തിരക്കുള്ള ദിവസങ്ങളില്‍ ചെയ്യാവുന്ന എളുപ്പവഴികള്‍:
* കുറഞ്ഞ അളവിലുള്ള ശാരീരിക ചലനം നിശ്ചയിക്കുക - ദിവസവും ഇത്ര സ്റ്റെപ്പുകള്‍ നടക്കും അല്ലെങ്കില്‍ ഇത്ര മിനിറ്റ് വ്യായാമം ചെയ്യും എന്ന് സ്വയം ഉറപ്പിക്കുക. ഇത് കൃത്യത നിലനിര്‍ത്താന്‍ സഹായിക്കും.
* നീറ്റ് (NEAT - Non-Exercise Activity Thermogenesis) ശ്രദ്ധിക്കുക - വ്യായാമം അല്ലാത്ത ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെ കലോറി എരിച്ചുകളയുന്ന രീതിയാണിത്. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നടക്കുക, വീട്ടിലെ ജോലികള്‍ ചെയ്യുക, വാഹനം അല്പം ദൂരെ പാര്‍ക്ക് ചെയ്ത് നടക്കുക എന്നിവയിലൂടെ ഊര്‍ജ്ജ ഉപഭോഗം വര്‍ദ്ധിപ്പിക്കാം.
* ഒരു വര്‍ക്കൗട്ട് പ്ലാന്‍ തയ്യാറാക്കുക - ഡെസ്ക് സ്ട്രെച്ചുകള്‍ (ഇരുന്നുകൊണ്ട് ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങള്‍), മീറ്റിംഗുകള്ക്കിടയിലുള്ള ചെറിയ വര്‍ക്കൗട്ടുകള്‍, ഉറങ്ങുന്നതിന് മുമ്പുള്ള വ്യായാമം എന്നിവ ഇതില്‍ ഉള്‍പ്പെടുത്താം.






