
ബംഗളൂരു: ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസർ ഹണിട്രാപ്പിൽ കുടുക്കി ബ്ളാക്ക്മെയിൽ ചെയ്തുവെന്ന് പരാതി. ബംഗളൂരുവിലെ ഒരു സംരംഭകനാണ് പരാതിക്കാരൻ. തന്റെ കൈയിൽ നിന്ന് പലപ്പോഴായി 10 ലക്ഷം രൂപയും സ്വർണാഭരണങ്ങളും ഐ-ഫോൺ അടക്കം വിലപിടിപ്പുള്ള സാധനങ്ങളും ഇവർ തട്ടിയെടുത്തുവെന്നും പരാതിക്കാരൻ പറയുന്നു. ജയനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരു മേക്കപ്പ് ക്ളിനിക് നടത്തുന്ന കാർത്തിക് പുത്ത (31) ആണ് പരാതിക്കാരൻ. തന്റെ സ്ഥാപനത്തിന്റെ പ്രൊമോഷണൽ ജോലികൾക്കായി ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ സാധന ഷെട്ടി 2024-ൽ തന്നെ സമീപിച്ചിരുന്നു എന്നും പിന്നീട് ഇരുവരും പ്രണയത്തിലായി എന്നും കാർത്തിക് പറയുന്നു. താനും സാധനയും ഉൾപ്പെടുന്ന സ്വകാര്യ നിമിഷങ്ങളും സംഭാഷണങ്ങളും അവർ തന്റെ അറിവോ സമ്മതമോ കൂടാതെ പകർത്തുകയും അത് ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തി പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തു എന്നുമാണ് പരാതിക്കാരൻ പറയുന്നത്.
സ്വകാര്യ രംഗങ്ങൾ ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ സാധന, വലിയ തുക ലഭിക്കാതെ വന്നപ്പോൾ ചില രംഗങ്ങൾ ഭാര്യയ്ക്ക് അയച്ചുകൊടുത്തു എന്നും കാർത്തിക് പറയുന്നു.
അഭിമാനം നഷ്ടമാകുമെന്ന് കരുതി 10 ലക്ഷം രൂപ നൽകി. കൂടാതെ സ്വർണവും ഐ-ഫോണും ഉൾപ്പെടെയുള്ള വസ്തുക്കൾ കൊടുത്തു. പിന്നീട്, 1.5 കോടി രൂപ വേണം എന്ന് ആവശ്യപ്പെട്ടപ്പോഴാണ് പ്രശ്നം ഗുരുതരമായത്. തുക നൽകാൻ കഴിയാതെ വന്നപ്പോൾ ചില സ്വകാര്യ രംഗങ്ങൾ ഭാര്യയ്ക്ക് അയച്ചു നൽകി. ഇതോടെ തന്റെ കുടുംബജീവിതം തകരാറിൽ ആയെന്നും പരാതിക്കാരൻ പറയുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നു. ഇരുവരും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയതെന്നും പൊലീസ് അധികൃതർ പറയുന്നു.






