
ന്യൂഡൽഹി∙ ലൈംഗിക ഉത്തേജന ഗുളികകൾ അമിതമായി കഴിച്ച 29 -കാരൻ മരിച്ചു.ഗുരുഗ്രാമിലെ സെക്ടർ 53 മേഖലയിലെ വാടക ഫ്ലാറ്റിൽ താമസിച്ചിരുന്ന രോഹിത് ലാൽ മരിച്ചത് . നാഗ്പുർ സ്വദേശിയായ രോഹിത് ലാൽ ഡൽഹിയിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്നു. ലൈംഗിക ഉത്തേജക മരുന്നിന്റെ അമിത ഉപയോഗം മൂലമാണെന്നു സംശയിക്കുന്നതായി പോലീസ്.
വ്യാഴാഴ്ച രാവിലെ രോഹിത് ഫോൺ എടുക്കാത്തതിനെത്തുടർന്ന് കൂടെ ജോലി ചെയ്യുന്ന ആൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇദ്ദേഹത്തിന്റെ താമസസ്ഥലത്തെത്തി. ഇവർ മുറിയുടെ വാതിൽ പൊളിച്ചു അകത്തുകടന്നപ്പോഴാണ് രോഹിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രോഹിത് തന്റെ പ്രതിശ്രുതവധുവിനെ കാണാനായി ക്ഷണിച്ചിരുന്നു. അവരെ കാണാൻ പോകുന്നതിനു മുമ്പായി ഇയാൾ ലൈംഗികശേഷി വർധിപ്പിക്കുന്നതിനുള്ള മരുന്ന് കഴിച്ചു. ഇതിന്റെ ഡോസ് അമിതമായതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. യഥാർഥ മരണകാരണം വ്യക്തമാകാൻ മരുന്നുകളുടെ അവശിഷ്ടങ്ങളും ആന്തരിക അവയവങ്ങളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വിസറ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.






