
അന്താരാഷ്ട്ര ഗായികയും പ്രശസ്ത ബിസിനസ്സ് സംരംഭകയുമായ റീഹാന, തന്റെ സൗന്ദര്യവർദ്ധക ബ്രാൻഡായ 'ഫെന്റി ബ്യൂട്ടി'യുടെ ഇന്ത്യയിലെ ലോഞ്ചിനോട് അനുബന്ധിച്ച് മുംബൈയിലെ അംബാനി വസതിയായ ആന്റിലിയ സന്ദർശിച്ചു. ആനന്ദ് അംബാനി, ഇഷ അംബാനി, ശ്ലോക മേത്ത, രാധിക മെർച്ചന്റ് എന്നിവർ ചേർന്നാണ് റീഹാനയെ സ്വീകരിച്ചത്. അംബാനി കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച താരം, ഇന്ത്യൻ കലയും സംസ്കാരവും അടുത്തറിയുന്ന ചടങ്ങുകളിൽ പങ്കാളിയായി. പരമ്പരാഗത നൃത്തരൂപങ്ങളോടെയാണ് ആന്റിലിയയിൽ താരത്തിന് സ്വീകരണം നൽകിയത്.
സന്ദർശനത്തിനിടെ അംബാനി കുടുംബത്തോടൊപ്പം പൂജയിലും ആരതിയിലും റീഹാന പങ്കുചേർന്നു. തുടർന്ന് പൂക്കൾ കൊണ്ട് കളിക്കുന്ന 'ഫൂലോം കി ഹോളി' ചടങ്ങിലും താരം ആവേശത്തോടെ പങ്കെടുത്തു. കുടുംബാംഗങ്ങൾക്കൊപ്പം നൃത്തം ചെയ്യാനും വിശിഷ്ടമായ ഉച്ചഭക്ഷണം കഴിക്കാനും താരം സമയം കണ്ടെത്തി.

മുംബൈയിൽ നടന്ന ഫെന്റി ബ്യൂട്ടി സ്റ്റോർ ലോഞ്ചിനിടെ ആരാധകരോടും ഇൻഫ്ലുവൻസർമാരോടും റീഹാന സംവദിച്ചിരുന്നു. ഹിന്ദിയിൽ 'നന്ദി' (ശുക്രിയ) എങ്ങനെ പറയണമെന്ന് താരം ചോദിച്ചറിയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ലോകത്തിലെ ഏറ്റവും ധനികയായ വനിതാ സംഗീതജ്ഞയായ റീഹാന, ഗായിക എന്നതിലുപരി മികച്ചൊരു ബിസിനസ്സ് വ്യക്തിത്വം കൂടിയാണ്. ബാർബഡോസിൽ ജനിച്ച ഇവർ 2005-ലാണ് തന്റെ സംഗീത ജീവിതം ആരംഭിച്ചത്. ഒമ്പത് ഗ്രാമി അവാർഡുകൾ നേടിയിട്ടുള്ള റീഹാന, ഫെന്റി ബ്യൂട്ടി, സാവേജ് എക്സ് ഫെന്റി എന്നീ വൻകിട ബ്രാൻഡുകളുടെ ഉടമയാണ്.

പ്രശസ്ത റാപ്പർ എസാപ് റോക്കിയാണ് റീഹാനയുടെ പങ്കാളി. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. 2024-ൽ നടന്ന ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹ ആഘോഷങ്ങളിലും റീഹാന പങ്കെടുത്തിരുന്നു.












Comments