
തൃശൂര്‍ : പൂരം വിളംബരത്തിന് കൊമ്പന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തന്നെ എത്തിയതോടെ ആവേശക്കൊടുമുടി. ഏകച്ഛത്രാധിപതി രാമാ രാമരാജാവേ ... ആലപ്പുഴയിൽ നിന്നെത്തിയ ഒരു കൊച്ചു കുരുന്നിന്റെ ആവേശം മുഴുവൻ ചെമ്പുകാവ് ഭഗവതിയുടെ തിടമ്പേറ്റി നിൽക്കുന്ന തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനിലാണ്.കഴിഞ്ഞവർഷം ചെമ്പൂക്കാവ് ശ്രീ കാർത്യായനി ഭഗവതിയുടെ തിടമ്പേറ്റിയിരുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആയിരുന്നു.
ചെമ്പുക്കാവ് ഭഗവതിയുടെ ഘടകപൂരം എട്ടേമുക്കാലോടെ വടക്കുംനാഥനിലെത്തി പത്ത് മണിയോടെയാണ് തെക്കേ ഗോപുര നടവഴി പുറത്തിറങ്ങിയത്. പൊള്ളുന്ന ചൂടിനും വെയിലിനും മുകളിൽ നിൽക്കുന്ന രാമനെ കാണാന്‍ ഒരു ജനസാഗരംതന്നെ അവിടെ തടിച്ചുകൂടിയിരുന്നു. എല്ലാ ക്യാമറക്കണ്ണുകളും ഒരേ ദിശയിൽ ഒരേരേഖയിൽ തിരിഞ്ഞ നിമിഷം. തൃശൂർ പൂരത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് തിടമ്പേറ്റി നിൽക്കുന്ന ഈ ഗജവീരൻ തന്നെയാണ്. മേളം കഴിഞ്ഞ് രാമൻ നീങ്ങിയതോടെ മൈതാനവും ഒഴിഞ്ഞു.
11 മണിയോടെ മഠത്തില്‍വരവിന് തുടക്കമായി. പഞ്ചവാദ്യം പലതു കേട്ടിട്ടുണ്ടെങ്കിലും മഠത്തില്‍വരവ് പഞ്ചവാദ്യത്തിന് ഇത്തിരി മധുരം കൂടുമെന്ന് അത് കേട്ടവര്‍ക്കറിയാം. പഞ്ചവാദ്യത്തെക്കാള്‍ ഹരം പിടിക്കാന്‍ മേളം തന്നെ വേണമെന്നുള്ളവര്‍ പാറമേക്കാവില്‍ എത്തിയിരിക്കും. അവിടെ ഇക്കുറി എഴുന്നള്ളിപ്പ് നേരത്തെയാണ്.
ശ്രീമൂലസ്ഥാനത്ത് പാണ്ടിമേളവും പഞ്ചവാദ്യവും ഒരേസമയം മുഴങ്ങുന്ന അത്യപൂര്‍വ്വമായ കാഴ്ച പൂരപ്രേമികളെ വിസ്മയിപ്പിച്ചു. കാരമുക്ക് ഭഗവതി പാണ്ടിമേളത്തിന്റെ അകമ്പടിയോടെയും പനമുക്കും പള്ളി ശാസ്താവ് പഞ്ചവാദ്യത്തിന്റെ താളത്തിലും എഴുന്നള്ളിയതോടെ കാണികള്‍ താളലഹരിയില്‍ അലിഞ്ഞുചേര്‍ന്നു. പൂരത്തിന്റെ ചരിത്രസാക്ഷിയായ ശ്രീമൂലസ്ഥാനത്തെ പേരാല്‍ മരം അപകടാവസ്ഥയിലായതിനാല്‍ പൂജാവിധികളോടെ ഇത് നീക്കം ചെയ്ത് പുതിയ ആല്‍മരം നടാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ഏകദേശം 150 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഈ മരമെന്നാണ് പറയപ്പെടുന്നത്. വൈകുന്നേരത്തോടെ കുടമാറ്റം ആരംഭിക്കും. വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കുടമാറ്റം 15 മിനിറ്റായി ചുരുക്കിയിട്ടുണ്ട്. മാത്രമല്ല വെടിക്കെട്ടിന് പകരം കതിന മാത്രമേ പൊട്ടിക്കു എന്നാണ് അറിയിച്ചിരിക്കുന്നത്. രാത്രി പൂരത്തിനുശേഷം തിങ്കളാഴ്ച രാവിലെ പകല്‍പ്പൂരം കഴിഞ്ഞ് ഉപചാരം ചൊല്ലി പിരിയും.






