
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ 250 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് അനുമതി ലഭിച്ചു. യൂണിറ്റിന് പരമാവധി 10 രൂപ വരെ ചെലവഴിച്ച് മേയ് 15 വരെ വൈദ്യുതി വാങ്ങാമെന്നാണ് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിര്‍ദേശം. ഓരോ ആഴ്ചയും ലഭ്യമായ വൈദ്യുതിയും അതിന്റെ നിരക്കുകളും കമ്മിഷനെ അറിയിക്കണം.
വേനല്‍ക്കാലത്തെ വര്‍ധിച്ച ആവശ്യത്തെത്തുടര്‍ന്നു വൈദ്യുതി ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് കെ.എസ്.ഇ.ബി. സമര്‍പ്പിച്ച അപേക്ഷയ്ക്ക് കമ്മിഷന് അനുമതി നല്‍കിയത്. സംസ്ഥാനത്ത് പല ഭാഗങ്ങളിലും അപ്രഖ്യാപിത ലോഡ് ഷെഡിങ് അനുഭവപ്പെടുന്നതിനിടെയാണു നടപടി. പല സമയങ്ങളിലും വൈദ്യുതി മുടങ്ങുന്നതായി പരാതികള്‍ ഉയരുന്നു. നിലവില്‍ 'ലോഡ് റസ്ട്രിക്ഷന്‍' എന്ന പേരിലാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. വടക്കന്‍ ജില്ലകളിലെ ചില മേഖലകളില്‍ ഒരാഴ്ച മുമ്പ് തന്നെ നിയന്ത്രണങ്ങള്‍ ആരംഭിച്ചിരുന്നു.
ലോഡ് ഷെഡിങ് പ്രഖ്യാപിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാന്‍ ക്രമീകരണങ്ങള്‍ മാത്രമാണ് ഏര്‍പ്പെടുത്തിയതെന്നും കെ.എസ്.ഇ.ബി. അധികൃതര്‍ വ്യക്തമാക്കി. വൈകിട്ടത്തെ ഉയര്‍ന്ന ആവശ്യം നേരിടാന്‍ 15 മുതല്‍ 20 മിനിറ്റ് വരെ അപ്രഖ്യാപിത ലോഡ് ഷെഡിങ് പല ഭാഗങ്ങളിലും നടപ്പാക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്. ദേശീയ തലത്തില്‍ വൈദ്യുതി ലഭ്യതയ്ക്ക് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധി തുടരുകയാണെങ്കില്‍ അരമണിക്കൂര്‍ പ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്കു സംസ്ഥാനം നീങ്ങുമോ എന്ന ആശങ്കയും ഉയരുന്നു.
കൂടുതല്‍ വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതാണ് പ്രധാന പരിഹാരമെന്ന വിലയിരുത്തലും നിലനില്ക്കുന്നു. ഇതോടെ ഭാവിയില്‍ വൈദ്യുതി നിരക്ക് വര്‍ധിക്കുമോ എന്ന ആശങ്കയുമുണ്ട്. വൈദ്യുതി വാങ്ങല്‍ നിരീക്ഷിക്കാന്‍ ചീഫ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ അപെക്സ് കമ്മിറ്റിയും ഓപ്പറേഷണല്‍ കമ്മിറ്റിയും രൂപീകരിക്കും. വേനല്‍ക്കാലത്തെ അമിത ഉപഭോഗം കുറയ്ക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കണമെന്നും കമ്മിഷന് നിര്‍ദേശിച്ചു.






