
വാഷിംഗ്ടൺ: വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകർക്കുള്ള അത്താഴവിരുന്നിൽ നടന്ന വെടിവെപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടിരുന്നതായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. അതേസമയം, എഫ്ബിഐ തലവൻ കാഷ് പട്ടേലിനെ ആക്രമണ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
കാലിഫോർണിയ സ്വദേശിയായ അക്രമി കോൾ ടോമസ് അലൻ (31) വെടിവെപ്പിന് തൊട്ടുമുമ്പ് തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ഒരു പട്ടിക കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുത്തിരുന്നു. ആക്രമണം നടത്തുന്നതിന് ഏകദേശം 10 മിനിറ്റ് മുമ്പ് മാത്രമാണ് അലൻ തന്റെ പദ്ധതിവിവരങ്ങൾ കുടുംബത്തിന് അയച്ചുകൊടുത്തത്.
ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ സ്ഥാനക്രമം അനുസരിച്ച് വധിക്കാനായിരുന്നു പദ്ധതിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഈ പട്ടികയിൽ നിന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെ പ്രതി ബോധപൂർവ്വം ഒഴിവാക്കിയത് യുഎസ് ഏജൻസികളെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.
ഭരണത്തിലെ ഉദ്യോഗസ്ഥർ (കാഷ് പട്ടേൽ ഒഴികെ) എല്ലാവരും ലക്ഷ്യങ്ങളാണ്. അവരുടെ പദവിയുടെ മുൻഗണനാക്രമം അനുസരിച്ചായിരിക്കും ആക്രമണം എന്നും ആണ് അലൻ തന്റെ കുടുംബത്തിനുള്ള കുറിപ്പിൽ പറയുന്നത്. എന്തുകൊണ്ടാണ് കാഷ് പട്ടേലിനെ മാത്രം ഈ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത് എന്ന കാര്യത്തിൽ അന്വേഷണ ഏജൻസികൾക്ക് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
താൻ ചെയ്യുന്നത് ഒരു വലിയ ക്രിസ്ത്യൻ ധർമ്മമാണെന്ന വിചിത്രമായ വാദമാണ് അക്രമി ഉന്നയിക്കുന്നത്. മറ്റൊരാൾ അടിച്ചമർത്തപ്പെടുമ്പോൾ ക്ഷമിക്കുന്നത് ക്രിസ്തീയ രീതിയല്ല, മറിച്ച് അക്രമിയോട് കൂട്ടുനിൽക്കലാണ്, എന്ന് അലൻ തന്റെ കുറിപ്പിൽ പറയുന്നു. ഭരണകൂടം കുറ്റവാളികളാൽ നിറഞ്ഞിരിക്കുന്നു. അവർക്കെതിരെ പ്രതികരിക്കേണ്ടത് തന്റെ കടമയാണെന്നും ഇയാൾ അവകാശപ്പെടുന്നു.
രണ്ട് കൈത്തോക്കുകളു, ഒരു ഷോട്ട്ഗണുമായി വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിലെത്തിയ അലൻ, ചുറ്റുമുള്ളവർക്ക് പരിക്കേൽക്കാതിരിക്കാൻ 'ബക്ക്ഷോട്ട്' തരം വെടിയുണ്ടകളാണ് ഉപയോഗിച്ചതെന്നും കുറിപ്പിൽ പറയുന്നു. ഹോട്ടലിലെ സുരക്ഷാ പരിശോധന മറികടന്ന് അകത്തുകയറിയ പ്രതി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. തോക്ക് നിയമങ്ങൾ ലംഘിച്ചതും വധശ്രമവുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.






