
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഒരാഴ്ച മാത്രം ശേഷിക്കേ, ഭരണത്തുടര്‍ച്ച ഉറപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വോട്ടെണ്ണല്‍ ദിനമായ മേയ് ആദ്യവാരം തന്നെ സത്യപ്രതിജ്ഞയ്ക്കു പന്തലിടാന്‍ നിര്‍ദേശം നല്‍കിയതായി സൂചന!
ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പാര്‍ട്ടി തലത്തിലുള്ള വിലയിരുത്തലുകളുമാണ് മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ആത്മവിശ്വാസമേകുന്നത്. പ്രമുഖ ചാനലുകളെല്ലാം എക്സിറ്റ് പോള്‍ സര്‍വേകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍, നാല് സംസ്ഥാനങ്ങളിലേക്കുള്ള അവസാനഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന 29-നുശേഷമേ സര്‍വേ ഫലം പുറത്തുവിടാനാകൂ.
കഴിഞ്ഞദിവസം ഒരു മന്ത്രി ഔദ്യോഗിക ഫയലില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ നടന്ന സംഭാഷണം അദ്ദേഹത്തിന്റെ ആത്മവിശ്വാസം വെളിപ്പെടുത്തുന്നതായിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ പുതിയ സര്‍ക്കാര്‍ വന്നശേഷം തീരുമാനമെടുക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് സൂചന.






